'വാരിയംകുന്നനി'ല്‍ നിന്നും ആഷിഖ് അബുവും പൃഥ്വിരാജും പിന്മാറി

വാരിയംകുന്നന്‍ സിനിമയില്‍ നിന്നും സംവിധായകന്‍ ആഷിഖ് അബുവും നടന്‍ പൃഥ്വിരാജും പിന്മാറി. നിര്‍മ്മാതാക്കളുമായുള്ള ഭിന്നതയാണ് കാരണം എന്നാണ് വിശദീകരണം. 2020 ജൂണിലാണ് ആഷിഖ് അബു ചിത്രം പ്രഖ്യാപിച്ചത്. സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ പൃഥ്വിരാജിനും കുടുംബത്തിനും സംവിധായകനുമെതിരെ കടുത്ത സൈബര്‍ ആക്രമണം നടന്നിരുന്നു.

അന്ന് ഉയര്‍ന്ന വിവാദത്തെ തുടര്‍ന്ന് സിനിമ ഉപേക്ഷിച്ചേക്കാമെന്ന സൂചന ഉണ്ടായിരുന്നു. സിനിമ അല്‍പം വൈകും എന്ന സൂചന ആഷിഖ് അബു നല്‍കിയിരുന്നു. പിന്നീട് സിനിമയെ കുറിച്ച് വിവരങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ആഷിഖ് അബു ആദ്യം സിനിമയില്‍ നിന്നും പിന്മാറുകയും, പിന്നാലെ പൃഥ്വിരാജും സിനിമയില്‍ നിന്നും പിന്‍മാറുകയായിരുന്നു.

ചിത്രത്തിന്റെ നിര്‍മ്മാതാവായ അന്‍വര്‍ റഷീദ് ആദ്യം നടന്‍ വിക്രമിനെ നായകനാക്കിയാണ് ഈ സിനിമ ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സിനിമ ഉപേക്ഷിക്കുകയായിരുന്നു.

അതിന് ശേഷമാണ് ആഷിഖ് അബുവിന്റെയും പൃഥ്വിരാജിന്റെയും അടുത്തേക്ക് സിനിമയുടെ തിരക്കഥ എത്തുന്നതും അവര്‍ ഈ സിനിമ ചെയ്യാന്‍ തയ്യാറെടുക്കുകയും ചെയ്തത്. നിര്‍മ്മാതാക്കള്‍ സിനിമയുമായി മുന്നോട്ട് പോകും എന്നാണ് റിപ്പോര്‍ട്ടുകള്‍ എന്നും മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.