ഇനി മുന്നിലുള്ളത് രണ്ടേ രണ്ട് സിനിമകൾ ; പിന്നിലാക്കിയത് വമ്പന്മാരെ ! 'ആടുജീവിതം' 150 കോടി ക്ലബിൽ...

ബ്ലെസ്സി- പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആടുജീവിതം തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഇപ്പോഴിതാ 150 കോടി ക്ലബിൽ കയറിയിരിക്കുകയാണ് ‘ആടുജീവിതം’. 25 ദിവസം കൊണ്ടാണ് 150 കോടി ക്ലബിൽ ചിത്രം ഇടം നേടിയത്.

പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ‘ആടുജീവിതം പുതിയ ഉയരങ്ങൾ കീഴടക്കുന്നു! ലോകമെമ്പാടും തരംഗങ്ങൾ സൃഷ്ടിക്കുന്നു. നിങ്ങളുടെ അചഞ്ചലമായ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി! എന്ന അടികുറിപ്പോടെയാണ് താരം ഇക്കാര്യം പങ്കുവച്ചത്.

ആ​ഗോളതലത്തിൽ മികച്ച കളക്ഷൻ നേടിയ മലയാള സിനിമയുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ആടുജീവിതം. മഞ്ഞുമ്മൽ ബോയ്സ്, 2018 എന്നിവയാണ് മുന്നിലുള്ള സിനിമകൾ. പ്രേമലു, ലൂസിഫർ, പുലിമുരുകൻ സിനിമകളുടെ ലൈഫ് ടൈം കളക്ഷനാണ് ആടുജീവിതം മറികടന്നത്.

മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തില്‍ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിന്‍ ആടുജീവിതം എഴുതിയത്.

ജിമ്മി ജീന്‍ ലൂയിസ്, അമല പോള്‍, കെ ആര്‍ ഗോകുല്‍, താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതമെത്തിയിരിക്കുന്നത്.

2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്.