സ്വകാര്യ കമ്പനിയില്‍ ഡയറക്ടര്‍ സ്ഥാനം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്; മേജര്‍ രവിക്ക് മുന്‍കൂര്‍ ജാമ്യം

സ്വകാര്യ കമ്പനിയിലെ ഡയറക്ടര്‍ സ്ഥാനം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസില്‍ സംവിധായകന്‍ മേജര്‍ രവിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസിലുള്‍പ്പെട്ട തണ്ടര്‍ ഫോഴ്സ് കമ്പനിയുടെ എംഡി അനില്‍കുമാറിനും മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.

ഇരുവരും ചേര്‍ന്ന് ജോലി വാഗ്ദാനം ചെയ്ത് അമ്പലപ്പുഴ സ്വദേശിയായ എം ഷൈനില്‍ നിന്ന് 1.75 കോടി രൂപ വാങ്ങി കബളിപ്പിച്ചുവെന്നാണ് കേസ്. വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ കീഴടങ്ങണമെന്ന് പ്രതികളോട് കോടതി ഉത്തരവിട്ടു.

ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടണമെന്നും ജസ്റ്റിസ് വിജു എബ്രഹാം നിര്‍ദേശിച്ചു. കേസിന്റെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.

ബംഗളൂരുവിലെ ബിസിനസ് നോക്കിയിരുന്ന ഡയറക്ടര്‍മാരിലൊരാളായ അംജദ് കമ്പനിയുടേയും തങ്ങളുടേയും 1.80 കോടി രൂപ കൈപ്പറ്റിയതിനെ തുടര്‍ന്ന് ഇയാളെ പദവിയില്‍ നിന്ന് നീക്കാന്‍ കമ്പനി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കിയിരുന്നുവെന്ന് മേജര്‍ രവി കോടതിയെ അറിയിച്ചു. പരാതിക്കാരനായ എം ഷൈനിന്റെ അക്കൗണ്ടിലൂടെയാണ് അംജദ് പണം തിരികെ തന്നതെന്നും മേജര്‍ രവി കോടതിയില്‍ പറഞ്ഞു.