ഞാന്‍ മഹേഷ് നാരായണന് വേണ്ടി കഥ എഴുതുകയാണ്, നമ്മുടെ ആളാണ്, പ്രമോട്ട് ചെയ്യണം: കമല്‍ഹാസന്‍

സംവിധായകന്‍ മഹേഷ് നാരയാണന് വേണ്ടി കഥയെഴുതുകയാണ് താനെന്ന് കമല്‍ഹാസന്‍. വിക്രം, ഇന്ത്യന്‍ 2 എന്നീ ചിത്രങ്ങള്‍ക്ക് പുറമെ പുതിയ പ്രൊജക്റ്റ് ഏതാണെന്ന ചോദ്യത്തിനാണ് മഹേഷ് നാരായണനായി കഥ എഴുതുകയാണെന്ന് മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ഹാസന്‍ പറഞ്ഞത്.

”ഞാന്‍ മഹേഷ് നാരായണന് വേണ്ടി കഥ എഴുതുകയാണ്. അവരൊക്കെ ഞങ്ങളുടെ ആള്‍ക്കാരാണ്. അതിനാല്‍ പ്രമോട്ട് ചെയ്യണമെന്നുണ്ട്” എന്നാണ് കമല്‍ഹാസന്‍ പറയുന്നത്. മലയാള സിനിമയില്‍ ഇപ്പോള്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും കമല്‍ പറയുന്നു.

20 വര്‍ഷം മുമ്പ് താന്‍ മലയാള സിനിമയെ വിമര്‍ശിച്ചിരുന്നു. മികച്ച കഥകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് അതില്‍ വലിയ മാറ്റം വന്നിട്ടുണ്ട് എന്നും കമല്‍ പറയുന്നു. നിലവില്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് കമല്‍ഹാസന്‍.

Read more

വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഫഹദിനെ കുറിച്ചും കമല്‍ പറയുന്നുണ്ട്. ഫഹദ് മികച്ച നടനാണെന്നും. എപ്പോഴും നല്ല അഭിനേതാക്കള്‍ക്കൊപ്പം സിനിമ ചെയ്യണമെന്നാണ് ആഗ്രഹിക്കാറെന്നും കമല്‍ വ്യക്തമാക്കി.