പ്രേമിക്കാന്‍ അറിയില്ലേടോ എന്ന് സംവിധായകന്റെ ശകാരം, അതും രണ്ട് തവണ പ്രേമിച്ച് കല്യാണം കഴിച്ച എന്നോട്..; അനുഭവം പറഞ്ഞ് ശരത് കുമാര്‍

മണിരത്‌നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം ഐശ്വര്യ റായ് ഗംഭീര റോളില്‍ എത്തിയ ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേളയില്‍ ചിത്രീകരണ വേളയിലെ നര്‍മ്മ മുഹൂര്‍ത്തങ്ങളും താരങ്ങളും അണിയറപ്രവര്‍ത്തകരും പങ്കുവച്ചിരുന്നു.

നടന്‍ ജയറാം അവതരിപ്പിച്ച മിമിക്രി ഏറെ ശ്രദ്ധ നേടിയിരുന്നു. ഐശ്വര്യ റായ്‌ക്കൊപ്പം ആദ്യമായി ഒന്നിച്ച് അഭിനയിച്ചതിന്റെ അനുഭവം പറഞ്ഞ ശരത് കുമാറിന്റെ വീഡിയോ ഇപ്പോഴും ചര്‍ച്ചകളില്‍ നിറയുകയാണ്. റീലുകളായി പ്രചരിക്കുന്ന വീഡിയോ ശ്രദ്ധ നേടുകയാണ്. പ്രേമിക്കാന്‍ അറിയില്ലെടോ എന്ന് ചോദിച്ച് മണിരത്‌നം ശകാരിച്ചതിനെ കുറിച്ചാണ് ശരത് കുമാര്‍ പറയുന്നത്.

”ഒരു രംഗത്തില്‍ ഐശ്വര്യയുടെ അടുത്ത് വന്നു, കൈ പിടിച്ച്, അവരുടെ കൈയ്യില്‍ കിടന്ന മുദ്ര മോതിരം അവിടെ ഇല്ല എന്ന് മനസ്സിലാക്കി, അല്പം ദേഷ്യത്തോടെ ‘മുദ്ര മോതിരം എവിടെ’ എന്ന് ചോദിക്കണം. ലോകസുന്ദരി ഐശ്വര്യയുമായി ആദ്യമായി സ്‌ക്രീന്‍ പങ്കിടുന്നതിന്റെ ടെന്‍ഷന്‍ തനിക്ക് ഉണ്ടായിരുന്നു.”

”അതുകൊണ്ട് കുറെ തവണ കൈയ്യില്‍ പിടിച്ചിട്ടും ശരിയാകാതെ വന്നപ്പോള്‍, തനിക്ക് പ്രേമിക്കാന്‍ അറിയില്ലേടോ എന്ന് മണിരത്‌നം എന്നെ ശകാരിച്ചു. രണ്ടു തവണ പ്രണയിച്ച് കല്യാണം കഴിച്ച എനിക്ക് ഇത് കേട്ടപ്പോള്‍ ക്ഷീണമായി പോയി” എന്നാണ് ശരത് കുമാര്‍ പറയുന്നത്.

Read more

അതേസമയം, നന്ദിനി, ഊമൈറാണി എന്നീ രണ്ട് കഥാപാത്രങ്ങളായാണ് ഐശ്വര്യ റായ് പൊന്നിയിന്‍ സെല്‍വനില്‍ വേഷമിട്ടത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ‘പൊന്നിയിന്‍ സെല്‍വന്‍’ ആധാരമാക്കി ഒരുക്കിയ ചിത്രത്തിന് മണിരത്‌നത്തിനൊപ്പം ഇളങ്കോ കുമരവേല്‍, ബി. ജയമോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.