എന്നെ താഴെയിടല്ലേ ലാലേട്ടാ എന്ന് ഞാന്‍ അപേക്ഷിച്ചു, പറയുന്നത് അനുസരിച്ചില്ലെങ്കില്‍ താഴെയിടുമെന്ന് ശ്രീനിയേട്ടനും..: ഉര്‍വശി പറയുന്നു

ശ്രീനിവാസന്‍ രചിച്ച് പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘മിഥുനം’ മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ്. ചിത്രത്തില്‍ നായകനായ മോഹന്‍ലാലും ശ്രീനിവാസനും കൂടി നായികയായ ഉര്‍വശിയെ പായലില്‍ ഒളിപ്പിച്ച് കൊണ്ടു പോവുന്ന സീന്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച രംഗങ്ങളില്‍ ഒന്നാണ്.

ആ രംഗത്തിന് പിന്നിലുള്ള അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഉര്‍വശി ഇപ്പോള്‍. ഏറെ ആസ്വദിച്ച, ഒപ്പം ടെന്‍ഷനടിച്ച സീനായിരുന്നു അത്. ലാലേട്ടന്റെയും ശ്രീനിയേട്ടന്റെയും ഉയരവും ഭാരവും ഏറെ വ്യത്യസ്തമാണല്ലോ. തലയുടെ ഭാഗം സേഫ്റ്റിക്കു വേണ്ടി ലാലേട്ടന്‍ തന്നെ പിടിക്കാമെന്നു സമ്മതിച്ചു.

ശ്രീനിയേട്ടന്‍ കാല്‍ഭാഗത്തും പിടിച്ചു. ഏതു കടയില്‍ നിന്നാണു റേഷന്‍ കഴിയുന്നതെന്നൊക്കെ ഇടയ്ക്ക് തന്നോടു ശ്രീനിയേട്ടന്‍ ചോദിക്കുന്നുണ്ടായിരുന്നു. രണ്ടു പേര്‍ക്കും ഉയര വ്യത്യാസമുള്ളതു കൊണ്ട് വയലിലൂടെയുള്ള സീന്‍ ഷൂട്ടു ചെയ്യുമ്പോള്‍ താന്‍ വീഴുമെന്നൊക്കെ പേടിച്ചു.

തന്നെ താഴെയിടല്ലേ ലാലേട്ടാ.. എന്ന് താന്‍ അപേക്ഷിക്കുന്നുണ്ടായിരുന്നു. പറയുന്നത് അനുസരിച്ചില്ലെങ്കില്‍ താഴെയിടുമെന്നായി ശ്രീനിയേട്ടന്‍. ‘മിണ്ടാതിരി കൊച്ചേ’ എന്നൊക്കെ ആ സീനില്‍ ലാലേട്ടന്‍ കഥാപാത്രമായ സുലോചനയോട് പറഞ്ഞതല്ല, ശരിക്കും തന്നോടു പറഞ്ഞതാണ്..

സീനില്‍ കാണുന്ന പല ഡയലോഗും ശരിക്കും പേടിച്ചിട്ട് താന്‍ പറഞ്ഞതാണ്. പായില്‍ കിടത്തി കടത്തുക എന്ന സംഭവം ആദ്യമായി അനുഭവിക്കുകയായിരുന്നു താന്‍ എന്നാണ് ഉര്‍വശി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ദാക്ഷായണി ബിസ്‌കറ്റ് ഫാക്ടറി ആരംഭിക്കാനിരുന്ന സേതുമാധവന്റെ കഥയാണ് മിഥുനം പറഞ്ഞത്.