'അന്ന് ഞാന്‍ തോറ്റു പോയിരുന്നു, ആ റിജക്ഷന്‍ ഹൃദയം തകര്‍ത്തിരുന്നു'; വീഡിയോയുമായി ഉണ്ണി മുകുന്ദന്‍

ഗുജറാത്തില്‍ നിന്നും വണ്ടി കയറി കേരളത്തില്‍ വന്ന് സിനിമാ ഓഡിഷനുകളില്‍ പങ്കെടുത്തിരുന്ന കാലത്തെ കുറിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍ തുറന്നു പറഞ്ഞിട്ടുണ്ട്. 2011ല്‍ പുറത്തിറങ്ങിയ ‘ബോംബേ മാര്‍ച്ച് 12’ ആണ് ആദ്യ സിനിമ എങ്കിലും 2012ല്‍ പുറത്തിറങ്ങിയ ‘മല്ലു സിംഗ്’ എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്.

തന്റെ ആദ്യത്തെ ഓഡിഷന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍. ഈ വീഡിയോ കാണുമ്പോള്‍ കൂടുതല്‍ ആവേശം തോന്നുന്നു എന്നാണ് താരം പറയുന്നത്. അതിനോടൊപ്പം തന്നെ അന്ന് പങ്കെടുത്ത ഓഡിഷനില്‍ പരാജയപ്പെട്ട കാര്യവും താരം വ്യക്തമാക്കുന്നുണ്ട്.

”തങ്ങളുടെ ലക്ഷ്യത്തിന് വേണ്ടി പരിശ്രമിക്കുന്ന എല്ലാവര്‍ക്കുമായി, എന്റെ സ്വപ്നങ്ങളിലേക്കുള്ള യാത്രയിലെ ഈ പഴയ വീഡിയോ പങ്കുവയ്ക്കുകയാണ്. വീഡിയോയിലെ ആ ഓഡിഷനില്‍ ഞാന്‍ തോറ്റിരുന്നു. അന്ന് എന്റെ ഹൃദയം വല്ലാതെ തകര്‍ന്നു. പക്ഷേ ആ റിജക്ഷന്‍ ഞാന്‍ മനസിലേക്കല്ല തലയിലേക്കാണ് എടുത്തത്.”

”ലക്ഷ്യത്തിനായി കഠിനാധ്വാനം ചെയ്തു. എന്റെ സ്വപ്നങ്ങളുടെ സൗന്ദര്യത്തില്‍ വിശ്വസിച്ച് എന്റെ ആന്തരികതയെ പരിപോഷിപ്പിച്ചതിന്റെ വിജയമാണ് ഇന്ന്. കഠിനാധ്വാനം ചെയ്യുന്ന ആണ്‍കുട്ടിയോട്/പെണ്‍കുട്ടിയോട് എനിക്ക് പറയാനുള്ളത് ഇത്രമാത്രമാണ്, നിങ്ങള്‍ ഒരിക്കലും സ്വയം കൈവിടരുത്” എന്നാണ് വീഡിയോയ്‌ക്കൊപ്പം ഉണ്ണി മുകുന്ദന്‍ കുറിച്ചത്.

Read more

അതേസമയം, ‘മാളികപ്പുറം’ എന്ന സിനിമയാണ് ഉണ്ണി മുകുന്ദന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്. നായകന്റെ റോളിലും നിര്‍മ്മാതാവിന്റെ റോളിലും താരം എത്തിയ സിനിമയാണിത്. തിയേറ്ററില്‍ മികച്ച വിജയം തന്നെ ചിത്രം നേടിയിരുന്നു.