ചിലര്‍ എന്റെ അമ്മയെ പോലും ചീത്ത വിളിച്ചു, അവര് എന്തു തെറ്റ് ചെയ്തിട്ടാണ്; അഞ്ച് കോടി തള്ളല്ല, 'അമ്മ' സംഘടന കൊടുത്തത് അഞ്ച് കോടി 90 ലക്ഷം: ടിനി ടോം

കഴിഞ്ഞ പ്രളയത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്ക് വേഗത്തില്‍ സഹായം ലഭിച്ചില്ലെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറഞ്ഞതിനെ അനുകൂലിച്ച് ടിനു ടോം രംഗത്തു വന്നിരുന്നു. കഴിഞ്ഞ തവണ താരസംഘടനയായ അമ്മ അഞ്ച് കോടി രൂപയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയതെന്നും എന്നാല്‍ പണം എന്ത് ചെയ്‌തെന്ന് അന്വേഷിച്ചപ്പോള്‍ തൃപ്തികരമായ മറുപടി കിട്ടിയില്ലെന്നും ടിനി ടോം. പറഞ്ഞിരുന്നു. ഇതിനേ തുടര്‍ന്ന് താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിലിപ്പോള്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ടിനി ടോം.

“അഞ്ച് കോടിയല്ല അമ്മ കൊടുത്തത്, അഞ്ച് കോടി 90 ലക്ഷമാണ്. അതിന്റെ തെളിവ് വരും. അത് മാനസികമായി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ആരുടേയും മനസ് വിഷമിപ്പിക്കാന്‍ ആഗ്രഹിക്കാത്ത ആളാണ് ഞാന്‍. നമ്മള്‍ ആരുടേയും മനസ് വിഷമിപ്പിച്ചാല്‍ നമ്മളും വിഷമിക്കേണ്ടി വരും.”

“അഞ്ച് കോടി തള്ളിയതല്ല. അഞ്ച് കോടി 90 ലക്ഷമുണ്ട്. അതിന്റെ ബില്ലു കാര്യങ്ങളും അമ്മയുടെ സംഘാടകര്‍ അറിയിക്കും. അത് കണക്ക് പറഞ്ഞതല്ല. സഹജീവികള്‍ക്ക് വീടു കിട്ടണം. അത്രേയുള്ളു. കാരണം പ്രളയം അനുഭവിച്ച ഒരാളാണ് ഞാന്‍. അതിനാല്‍ തന്നെ എന്റെ സമയം നോക്കി ഞാനും സഹായിക്കുന്നുണ്ട്. പല രീതിയും ആള്‍ക്കാര്‍ പ്രതികരിച്ചു, കുഴപ്പമില്ല. ചിലര്‍ എന്റെ അമ്മയ്ക്ക് വരെ വിളിച്ചു. വീട്ടിലിരിക്കുന്ന അമ്മ ഒരു തെറ്റും ചെയ്തിട്ടില്ല. എന്നാലും കുഴപ്പമില്ല. ഞാനെന്റെ പ്രവര്‍ത്തനം തുടര്‍ന്നു കൊണ്ടിരിക്കും.” ഫെയ്‌സ്ബുക്ക് ലൈവില്‍ ടിനി ടോം പറഞ്ഞു.