സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റ് ആയി സിനിമയില്‍ എത്തി പിന്നീട് നായകനിരയിലേക്ക് എത്തിയ താരമാണ് ഷൈന്‍ ടോം ചാക്കോ. ‘നമ്മള്‍’ എന്ന കമല്‍ ചിത്രത്തിലൂടെയാണ് ഷൈന്‍ സിനിമയിലേക്ക് എത്തിയത്. കമലിന്റെ അസിസ്റ്റന്റ് ആകാന്‍ വേണ്ടി താണ്ടിയ വഴികളെ കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞിരിക്കുകയാണ് ഷൈന്‍ ഇപ്പോള്‍. കമലിന്റെ സംവിധാനത്തില്‍ ഷൈന്‍ നായകനാകുന്ന ‘വിവേകാനന്ദന്‍ വൈറലാണ്’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് താരം സംസാരിച്ചത്. ഷൈനിന്റെ നൂറാമത്തെ ചിത്രമാണ് വിവേകാനന്ദന്‍ വൈറലാണ്.
ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍:
പ്ലസ് ടു പഠനം കഴിഞ്ഞപ്പോള്‍ തന്നെ എന്റെ അമ്മയ്ക്ക് ഒരു കാര്യം മനസിലായി, ഇനി പഠിച്ചു മുന്നോട്ടു പോകാന്‍ എനിക്കു താല്‍പര്യമില്ലെന്ന്. പ്ലസ് ടു കഴിഞ്ഞ് അവധി സമയത്ത് അമ്മ എന്നെ വിളിച്ചു, ”നീ കമല്‍ സാറിനെ പോയി ഒന്ന് കാണ്. സിനിമയില്‍ എന്തെങ്കിലും ഒരു പണി കിട്ടാതിരിക്കില്ല”. അമ്മയോട് ഞാന്‍ ഓകെ പറഞ്ഞു. അതിന് ശേഷം അമ്മ അറിയാതെ, കറുത്ത പാനലില്‍ മോണോ ആക്ട് ഫസ്റ്റ്, കഥാപ്രസംഗത്തിന് ഫസ്റ്റ് അങ്ങനെ അങ്ങനെ കുറെ കാര്യങ്ങള്‍ എഴുതി വച്ചിട്ടുള്ള ഒരു സാധനം ഉണ്ട്. അതും പിടിച്ച് ഞാന്‍ കൊടുങ്ങല്ലൂര്‍ക്ക് വണ്ടി കയറി. കമല്‍ സാറിന്റെ വീട് എന്ന് പറഞ്ഞാല്‍ ഓട്ടോറിക്ഷക്കാരൊക്കെ അവിടെ കൊണ്ടുചെന്ന് ആക്കും. അവിടെ ചെന്നപ്പോള്‍ സബൂറ ആന്റിയെയാണ് കണ്ടത്.
ആന്റിയോട് ഞാന്‍ പറഞ്ഞു, ”ഞാന്‍ ചാക്കോ ചേട്ടന്റെയും മരിയ ചേച്ചിയുടെയും മകന്‍ പൊന്നാനിയിലുള്ള ഷൈന്‍”. അപ്പോള്‍ ആന്റിക്ക് ഓര്‍മ വന്നു. ആന്റിയോട് പറഞ്ഞു, ”കമല്‍ സാറിനെ കാണാന്‍ വന്നതാണ്. മോണോ ആക്ട്, നാടകത്തിലേക്ക് അഭിനയിച്ചിട്ടുണ്ട് ഫസ്റ്റ് കിട്ടിയിട്ടുണ്ട് എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ എന്തെങ്കിലും അവസരം വേണമായിരുന്നു.” അപ്പോള്‍ ആന്റി പറഞ്ഞു, ”അയ്യോ സര്‍ ഇവിടെ ഇല്ലല്ലോ, എറണാകുളത്ത് ഷൂട്ടിങ്ങിലാണ്. അപ്പോള്‍ ഞാന്‍ പറഞ്ഞു ”നമ്പര്‍ തന്നാല്‍ ഞാന്‍ വിളിച്ചു നോക്കാമായിരുന്നു.” സബൂറ ആന്റി നമ്പര്‍ തന്നു.
പിന്നീട് ഞാന്‍ തിരിച്ചു വീട്ടിലേക്കു പോയി. ഇടയ്ക്കിടയ്ക്ക് ഈ നമ്പറില്‍ വിളിച്ചു നോക്കും. വിളിക്കുമ്പോള്‍ ആന്റി ആണ് എടുക്കുന്നത്, അല്ലെങ്കില്‍ വീട്ടിലെ വേറെ ആരെങ്കിലും. സര്‍ ഇവിടെ ഇല്ല, സര്‍ പുറത്തുപോയി എന്ന് തന്നെയാണ് പറയുന്നത്. എല്ലാ കൊല്ലവും പരീക്ഷ അടുക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കുന്നത് കമല്‍ സാറിനെയാണ്. സിനിമയില്‍ കമല്‍ സാര്‍ ഉണ്ട്, അദ്ദേഹത്തിന്റെ അടുത്ത് എത്തിയാല്‍ സിനിമയിലേക്ക് കടക്കാം. ഗൃഹലക്ഷ്മിയിലും വനിതയിലും ഒക്കെ വരുന്ന ലാലു ചേട്ടന്റെയും പപ്പുച്ചേട്ടന്റെയും ദിലീപേട്ടന്റെയും ഒക്കെ ഇന്റര്‍വ്യൂ വായിക്കും. ഇവരൊക്കെ കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമയില്‍ കയറി എന്ന് അപ്പോഴാണ് വായിക്കുന്നത്. അപ്പോള്‍ ഞാന്‍ ഓര്‍ക്കും, ഈ സര്‍ ആണല്ലോ എന്റെ ചെറുപ്പത്തില്‍ ആനപ്പടിയുടെ അടുത്ത് വീട്ടില്‍ താമസിച്ചിരുന്നത്.
അന്ന് സര്‍ വീട്ടില്‍ ഗുഡ് ഡേ ബിസ്‌കറ്റുമായിട്ട് വരും. ഞാന്‍ വാപ്പിച്ചി, ഉമ്മച്ചി എന്നാണ് വിളിച്ചിരുന്നത്. സര്‍ ഇടയ്ക്കിടയ്ക്ക് വരും കയ്യില്‍ ഗുഡ് ഡേ ബിസ്‌കറ്റും ഉണ്ട്. പിന്നെ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ചെന്നപ്പോഴാണ് മനസ്സിലായത് ഗുഡ് ഡേ ബിസ്‌കറ്റ് ആണ് അവിടെ കൊടുക്കുന്നതെന്ന്. കമല്‍ സാറിന്റെ അസിസ്റ്റന്റ് ആയാല്‍ നടനാകാം. അതൊക്കെയാണ് എല്ലാ വര്‍ഷവും കൊല്ല പരീക്ഷയുടെ സമയത്ത് നമുക്ക് ഊര്‍ജം തരുന്നത്. അങ്ങനെ കഷ്ടിച്ച് ജയിച്ച് ഒമ്പതാം ക്ലാസില്‍ മാത്രം രണ്ടു വര്‍ഷം പഠിച്ചു. ആ സമയത്ത് ഇംഗ്ലിഷ് മീഡിയത്തില്‍ നിന്ന് എന്നെ മാറ്റി മലയാളം മീഡിയത്തിലേക്ക് കൊണ്ടുവന്നു. അപ്പോള്‍ മലയാളവും അറിയില്ല, ഇംഗ്ലിഷും അറിയില്ല എന്നുള്ള അവസ്ഥയാണ്.
ഇതിനിടയില്‍ ഏഴാം ക്ലാസില്‍ ഒരു സംഭവം ഉണ്ടായി. കമല്‍ സര്‍ നവരത്‌ന ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് പൊന്നാനിയില്‍ വന്നപ്പോള്‍ ഞാന്‍ സ്റ്റേജിന്റെ പിന്നില്‍ കൂടി സാറിനെ കാണാന്‍ പോയി. ഞാന്‍ ചെന്നു പറഞ്ഞു, ”സര്‍ ഞാന്‍ ഷൈന്‍, ചാക്കോ ചേട്ടന്റെയും മരിയ ചേച്ചിയുടെയും മകന്‍ പൊന്നാനിയിലുള്ള ഷൈന്‍.” അപ്പോള്‍ സാര്‍ ചോദിച്ചു. ”ഓഹോ എന്താണ് കാര്യം?” അപ്പോള്‍ ഞാന്‍ പറഞ്ഞു,”ഡാഡി കാലില്‍ ആണി കുത്തി ടെറ്റനസ് ആയി കിടക്കുകയാണ്. സാറിനെ ഒന്ന് കാണണം എന്നു പറഞ്ഞു”. അങ്ങനെയൊക്കെ പറഞ്ഞപ്പോള്‍ സാറിന് വിഷമമായി. സാറും റിസബാവയും കൂടി വീട്ടിലേക്കു വന്നു. എന്റെ ലക്ഷ്യം മമ്മിയെക്കൊണ്ട് എന്നെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ അവസരം ചോദിപ്പിക്കുക എന്നതാണ്. സര്‍ വീട്ടില്‍ വന്ന് ചായ കുടിച്ചു കഴിഞ്ഞപ്പോള്‍ മമ്മി പറഞ്ഞു ‘നീ പറയടാ’, അദ്ദേഹം ചോദിച്ചു എന്താണ് പറയാനുള്ളതെന്ന്. ഞാന്‍ പറഞ്ഞു, ‘ഓട്ടോഗ്രാഫ് വേണം’.
സാറിന്റെ പ്രോഗ്രാമിന്റെ നോട്ടിസ് തന്നെ ഞാന്‍ സാറിനു നേരെ നീട്ടി. സാര്‍ അതില്‍ ‘സ്‌നേഹപൂര്‍വം കമല്‍’ എന്ന് എഴുതി. ഇന്നും ഞാന്‍ ഓട്ടോഗ്രാഫ് എഴുതുന്നത് അങ്ങനെയാണ് ‘സ്‌നേഹപൂര്‍വം ഷൈന്‍’. സര്‍ വണ്ടിയെടുത്ത് പോകാന്‍ നേരം ഞാന്‍ മമ്മിയോട് പറഞ്ഞു, ”മമ്മി പറ, എനിക്കും അഭിനയിക്കണമെന്ന് പറ.” അപ്പോള്‍ മമ്മി പറഞ്ഞു ”നിനക്ക് അഭിനയിക്കണമെങ്കില്‍ നീ ചെന്ന് പറ.” സര്‍ വണ്ടിയില്‍ കയറിയപ്പോള്‍ ഞാന്‍ ഓടിയെത്തി ”സാറേ എനിക്കും സിനിമയില്‍ അഭിനയിക്കണം.” സാറ് ആ ശരി എന്നു പറഞ്ഞു തല കുലുക്കി റിവേഴ്‌സ് ഗിയര്‍ ഇട്ടു വണ്ടിയെടുത്ത് പോയി. പ്ലസ് ടു കഴിഞ്ഞ് ഞാന്‍ കമല്‍ സാറിന്റെ വീട്ടില്‍ ചെന്ന് ആന്റിയുടെ കയ്യില്‍ നിന്നും വീണ്ടും ഫോണ്‍ നമ്പര്‍ വാങ്ങി. ഇടയ്ക്കിടയ്ക്ക് വിളിക്കും. പക്ഷേ ഒരു കാര്യവുമില്ല. പ്ലസ് ടു കഴിഞ്ഞപ്പോള്‍ ഒരു ദിവസം ഞാന്‍ മമ്മിയോട് പറഞ്ഞു, സര്‍ എറണാകുളത്ത് വരാന്‍ പറഞ്ഞിട്ടുണ്ട് എന്ന്. അങ്ങനെ എറണാകുളത്തേക്ക് വണ്ടി കയറി. ലൊക്കേഷനില്‍ എത്തിയപ്പോള്‍ അന്ന് ഗ്രാമഫോണിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. ദിലീപേട്ടനും മീരാജാസ്മിനും ഉണ്ട്. അവിടെ ചെന്നപ്പോള്‍ എന്റെ കയ്യും കാലും വിറയ്ക്കാന്‍ തുടങ്ങി. ഞാന്‍ ആദ്യമായാണ് ലൊക്കേഷനില്‍ പോകുന്നത്.
സര്‍ എവിടെ എന്ന് നോക്കിയപ്പോള്‍ ഒരു കൂട്ടം ആള്‍ക്കാരുമായി ലിഫ്റ്റിനുള്ളില്‍ കയറി പോകുന്നത് കണ്ടു. ഉയരം കുറഞ്ഞത് കാരണം അവരുടെ ഇടയില്‍ കൂടി ഞാനും ഉള്ളില്‍ കയറി പറ്റി. സാറിനെ തോണ്ടി വിളിച്ചിട്ട് ”സാറേ സാറേ ഞാന്‍ ആനപ്പടിയിലുള്ള ചാക്കോ ചേട്ടന്റെയും മരിയ ചേട്ടത്തിയുടെയും മകന്‍”, സാര്‍ എന്നെ നോക്കിയിട്ട് ചോദിച്ചു ”നീ എന്താ ഇവിടെ?” സാറിന്റെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമയില്‍ വര്‍ക്ക് ചെയ്യണമെന്ന് ഞാന്‍ മറുപടിയായി പറഞ്ഞു. ”നിനക്ക് പരീക്ഷയല്ലേ. പോയി പരീക്ഷ എഴുതിയിട്ട് വാ. ”പോയി പരീക്ഷ എഴുതിയിട്ട് വാ” എന്ന വാക്കിലാണ് ഞാന്‍ പിടിച്ചത്. വീട്ടിലെത്തി മമ്മിയോട് പറഞ്ഞു, ”മമ്മി, അസിസ്റ്റന്റ് ഡയറക്ടര്‍ ആയിട്ട് അദ്ദേഹം എന്നെ എടുക്കാം എന്ന് പറഞ്ഞിട്ടുണ്ട്. പരീക്ഷ കഴിഞ്ഞിട്ട് വരാന്‍ പറഞ്ഞു” എന്ന് പറഞ്ഞു.
പിന്നീട് ഞാന്‍ കാത്തിരിപ്പാണ്. കാരണം അടുത്ത പടം ആകണ്ടേ. അടുത്ത പടം തുടങ്ങിയാലല്ലേ പോകാന്‍ പറ്റൂ. അങ്ങനെ പരീക്ഷയൊക്കെ എഴുതി. റിസള്‍ട്ട് വന്നു കഴിഞ്ഞാല്‍ പണി പാളുമെന്ന് ഉറപ്പാണ്. അതിന് മുമ്പ് എന്തെങ്കിലും സെറ്റ് ആക്കണം. അപ്പോഴാണ് ഞാന്‍ പത്രത്തില്‍ കണ്ടത് കമല്‍ സാറിന്റെ അടുത്ത പടം തുടങ്ങുന്നു, തൃശൂര്‍ എന്‍ജിനീയറിംഗ് കോളജ് ആണ് ലൊക്കേഷന്‍. അപ്പോള്‍ ഞാന്‍ മമ്മിയോട് പറഞ്ഞു, ”മമ്മി ഞാന്‍ പോവുകയാണ്”. അന്ന് ഞാന്‍ മമ്മിയുടെ തൃശൂരുള്ള വീട്ടിലാണ് നില്‍ക്കുന്നത്. ഒരു കവറില്‍ രണ്ട് ഡ്രസ്സും എടുത്തുവച്ച് ഞാന്‍ എന്‍ജിനീയറിങ് കോളജില്‍ എത്തി. അന്ന് അതില്‍ സിദ്ധുവും ജിഷ്ണുവും ആണ് അഭിനയിക്കുന്നത്. ‘നമ്മള്‍’ ആണ് പടം. കാന്റീനില്‍ നിന്ന് ഇറങ്ങി വരുന്ന ഒരു ഷോട്ടാണ് സര്‍ എടുത്തു കൊണ്ടിരിക്കുന്നത്.
ക്യാമറ ചെയ്യുന്നത് അന്ന് സുകുവേട്ടന്‍ ആണ്. ആ ഷോട്ട് കഴിഞ്ഞ് ട്രാക്കില്‍ മറ്റൊരു ഷോട്ട് ആണ് ഇട്ടിരുന്നത്. ക്രെയിന്‍ ഓപ്പറേറ്റ് ചെയ്യുന്നത് മനോഹരന്‍ ചേട്ടന്‍. ഷോട്ട് എടുക്കുമ്പോള്‍ അതില്‍ വെയിലിന്റെ പാച്ച് വീഴാതിരിക്കണം. മനോഹരേട്ടനാണ് കുടയും പിടിക്കുന്നത്. പാച്ച് കട്ട് ചെയ്തിട്ട് പോകണം. രണ്ട് മൂന്ന് ടേക്ക് കഴിഞ്ഞപ്പോള്‍ മനോഹരേട്ടന്‍ കുട അവിടെ വച്ചിട്ട് പുറകിലേക്കു പോയി. അതിനിടയില്‍ ടേക്ക് ത്രീഫോര്‍ ഒക്കെ വിളിച്ചപ്പോള്‍ ഞാന്‍ പെട്ടെന്ന് കുടയെടുത്ത് വെയില്‍ കട്ട് ചെയ്തു തുടങ്ങി. സര്‍ അവിടെ നിന്ന് വിളിച്ചു ചോദിച്ചു റെഡി ആണോ? അപ്പോള്‍ ഞാന്‍ പറഞ്ഞു ആ റെഡിയാണ്. ടേക്ക് ഒക്കെയായി, സര്‍ ഒക്കെ പറഞ്ഞു, ഞാനും മനസ്സില്‍ പറഞ്ഞു, ആദ്യ പടത്തിന്റെ വര്‍ക്ക് തുടങ്ങി. അപ്പോള്‍ തന്നെ സര്‍ പാക്കപ്പും പറഞ്ഞു.
പെട്ടന്ന് ഞാന്‍ നോക്കിയപ്പോള്‍ സര്‍ മുകളിലേക്ക് പോകുന്നു. ഞാന്‍ ഓടിച്ചെന്ന് പറഞ്ഞു ”സാറേ ഞാന്‍ ചാക്കോ ചേട്ടന്റെയും മരിയ ചേട്ടത്തിയുടെയും മോന്‍ പൊന്നാനിയിലുള്ള ഷൈന്‍.” സാര്‍ ചോദിച്ചു, ”നീ എന്താ ഇവിടെ.” ”അടുത്ത പടത്തില്‍ വരാന്‍ പറഞ്ഞില്ലേ സര്‍, ഞാന്‍ വന്നു ജോയിന്‍ ചെയ്തു. ഞാനാണ് അവിടെ കുട പിടിച്ചുകൊണ്ട് നിന്നത്.” സാറ് തലയില്‍ കൈവച്ചു എന്നിട്ട് പറഞ്ഞു, ”നീ ഹോട്ടലിലേക്ക് വാ”. ഞാനും ഹോട്ടലിലേക്ക് പോയി, കുറച്ചുനേരം ഞാനവിടെ വെയിറ്റ് ചെയ്തു. ഇടയ്ക്ക് റിസപ്ഷനില്‍ നിന്നും സാറിനെ വിളിപ്പിക്കും എന്നിട്ട് പറയും ”സാര്‍ ഞാന്‍ ഇവിടെ നില്‍പ്പുണ്ട് ചാക്കോ ചേട്ടന്റെയും മരിയ ചേച്ചിയുടെയും മകന്‍.” അങ്ങനെ സാര്‍ എന്നെ റൂമിലേക്ക് വിളിച്ചു. എനിക്ക് മനസിലായി എന്തെങ്കിലും ഒഴിവു പറഞ്ഞ് എന്നെ പറഞ്ഞുവിടാനാണെന്ന്.
ഞാന്‍ പറഞ്ഞു ”സര്‍ ഒന്നുകൊണ്ടും ടെന്‍ഷന്‍ അടിക്കേണ്ട. എന്റെ താമസം ഓര്‍ത്ത് വിഷമിക്കുകയും വേണ്ട. അമ്മയുടെ വീട് ഇവിടെ അടുത്താണ്. ഞാന്‍ അവിടെ നിന്ന് വന്നോളാം. ഭക്ഷണമൊക്കെ ഞാന്‍ പുറത്തുനിന്ന് കഴിച്ചോളാം. എന്നെക്കൊണ്ട് ഒരു അധിക ചെലവും ഉണ്ടാകില്ല. എന്നെ ഇവിടെ ഒന്ന് നിര്‍ത്തി തന്നാല്‍ മതി.” കാരണം പ്ലസ് ടു കഴിഞ്ഞാല്‍ നമ്മളെ എങ്ങോട്ടാണ് പറഞ്ഞയക്കുന്നത് എന്നറിയില്ലല്ലോ. ദുബായിലോ മറ്റെവിടേക്കെങ്കിലും വിട്ടാലോ. അതുകൊണ്ട് ഇവിടെ ഒന്ന് പിടിച്ചു നിന്നേ മതിയാകൂ. അപ്പോള്‍ സര്‍ പറഞ്ഞു ഷൈനെ, ഇപ്പോള്‍ത്തന്നെ ആള് കൂടുതലാണ്. ഒരാളും കൂടി പുതിയത് വന്നിട്ടുണ്ട് ഷംജു. നിന്നെ അടുത്ത പടത്തില്‍ നോക്കാം. അപ്പോള്‍ ഞാന്‍ പറഞ്ഞത്, സാറേ അടുത്ത പടം ഒന്നും വേണ്ട. ഞാന്‍ ഇങ്ങനെയൊക്കെ നിന്നോളാം. സര്‍ ആകെ വിഷമിച്ചു.
ഇത്തിരി ബോധമുള്ള ആളാണെങ്കില്‍ പറഞ്ഞു മനസ്സിലാക്കി വിടാമല്ലോ, ഇതൊരു കൊച്ചു പയ്യനും ആയിപോയി. സര്‍ ഒടുവില്‍ എന്നോട് പറഞ്ഞു സെലീനെ പോയി കാണാന്‍. ഞാന്‍ ഓര്‍ത്തു ഇത് ഏത് സെലിന്‍. പിറ്റേന്ന് രാവിലെ വീണ്ടും ഞാന്‍ വന്നു. ലൊക്കേഷനില്‍ സെലീനെ അന്വേഷിച്ചു നടക്കുകയാണ്. അതിനിടയില്‍ എന്നെ സുഗീത് ചേട്ടന്‍ പിടിച്ച് ഇവിടെ നിര്‍ത്തും. സുഗീത് ചേട്ടന്‍ വിചാരിച്ചു ഞാന്‍ ഏതോ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പയ്യന്‍ ആണെന്ന്. അപ്പോള്‍ ഞാന്‍ വിചാരിച്ചു ഇതായിരിക്കും അസിസ്റ്റന്റ് ഡയറക്ടര്‍ പണിയെന്നും. പിന്നീട് ഞാന്‍ ചെന്ന് സുഗീത് ചേട്ടനോട് പറഞ്ഞു. ”ചേട്ടാ ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായി പുതിയതായി വന്ന ആളാണ്. അപ്പോള്‍ ചേട്ടന്‍ ചോദിച്ചു, ”അയ്യോ നീയാണോ പുതിയതായി വന്നത്. നിന്നെ ഇവിടെ അന്വേഷിച്ചു മൂന്നാല് ദിവസമായി നടക്കുന്നു. ഇങ്ങനെ ഒരാള്‍ വരുന്നുണ്ടെന്ന് എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു.”
Read more
അങ്ങനെയാണ് ഞാന്‍ അന്ന് ആ സെറ്റില്‍ കയറി പറ്റിയത്. അന്ന് സ്‌ക്രിപ്റ്റ് ബോക്‌സ് കൊണ്ടുപോകുന്നത് ഞങ്ങളാണ്. അന്ന് പെട്ടി ചുമന്ന് തുടങ്ങിയതാണ് എന്നാണ് ഞങ്ങള്‍ പറയാറുള്ളത്. തമാശയ്ക്ക് പറയും ഇവരൊക്കെയാണ് അഭിനയിക്കുന്നതെങ്കിലും കഥ കൊണ്ടുപോകുന്നത് ഞങ്ങളാണെന്ന്. കാരണം രാവിലെ ചുമന്നു കൊണ്ടുപോയി സ്‌ക്രിപ്റ്റ് പെട്ടി ലൊക്കേഷനില്‍ വയ്ക്കും, വൈകിട്ട് തിരിച്ചെടുത്തോണ്ട് പോകും. എല്ലാ ദിവസവും കൊണ്ടുപോകണം, കാരണം എന്താണ് പെട്ടെന്ന് ചോദിക്കുന്നതെന്ന് അറിയില്ല. അങ്ങനെ അവിടെ നിന്നാണ് ഞാന്‍ ഇന്ന് ഇവിടെ വരെ എത്തിയത്. ഇപ്പോള്‍ എന്റെ നൂറാമത്തെ ചിത്രം എത്തിയിരിക്കുകയാണ്. വന്നുവന്ന് എനിക്ക് 100 വയസ് ആയ പ്രതീതിയാണ്. എല്ലാവരും എന്നെ 100 വയസ് ആയത് പോലെയാണ് നോക്കുന്നത്. എന്തായാലും എല്ലാവര്‍ക്കും നന്ദി.