കാശൊന്നും കിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പു ഘട്ടങ്ങളില്‍ അനൗണ്‍സ്‌മെന്റ് ഹരമായിരുന്നു, രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങിയത് ഇക്കാരണത്താല്‍: സലിം കുമാര്‍

സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് നടന്‍ സലിം കുമാര്‍. ജന്മം കൊണ്ട് താന്‍ ഒരു കോണ്‍ഗ്രസുകാരനാണ് എന്നാണ് സലിം കുമാര്‍ പറയുന്നത്. എന്നാല്‍ രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങിയതിനെ കുറിച്ചാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കിയിരിക്കുന്നത്.

ജന്മം കൊണ്ടു തന്നെ ഒരു കോണ്‍ഗ്രസുകാരനാണ്. സ്വന്തം നാടായ ചിറ്റാറ്റുകരയിലും മാല്യങ്കര കോളജില്‍ പഠിക്കുന്ന കാലത്തും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. കാശൊന്നും കിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പു ഘട്ടങ്ങളില്‍ അനൗണ്‍സ്‌മെന്റ് ഹരമായിരുന്നു. മഹാരാജാസില്‍ എത്തിയതോടെ പതിയെ രാഷ്ട്രീയത്തില്‍ നിന്നു പിന്‍വാങ്ങി.

അക്കാലത്തു വിദ്യാര്‍ത്ഥി മാത്രമായിരുന്നില്ല. കുടുംബനാഥന്റെ ചുമതല കൂടി ഉണ്ടായിരുന്നു. കല ജീവിതമാര്‍ഗമായിരുന്നു എന്നാണ് സലിം കുമാര്‍ പറയുന്നത്. പഠനകാലത്ത് തന്നെ ടെലിവിഷന്‍ പരിപാടികളിലും കൊച്ചിന്‍ കലാഭവന്‍, സാഗര്‍ തുടങ്ങിയ ട്രൂപ്പുകളിലൂടെ വേദികളിലും സലിം കുമാര്‍ പ്രവര്‍ത്തിച്ചു.

1996ല്‍ വിവാഹത്തിന്റെ പിറ്റേ ദിവസമാണ് ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. ഇഷ്ടമാണ് നൂറുവട്ടം ആണ് താരത്തിന്റെ ആദ്യ സിനിമ. 2000ല്‍ പുറത്തിറങ്ങിയ തെങ്കാശിപട്ടണം താരത്തിന്റെ കരിയറിലെ വഴിത്തിരിവ് ആയി മാറി. കംപാര്‍ട്‌മെന്റ്, കറുത്ത ജൂതന്‍, ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.