വിരാട് കോഹ്ലി ഒരു ഇന്‍സ്പിരേഷന്‍ ആണ്, ബയോപിക്കില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്: രാം ചരണ്‍

വിരാട് കോഹ്‌ലിയുടെ ബയോപിക്കില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് രാം ചരണ്‍. ഭാവിയില്‍ താന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്‌പോര്‍ട്‌സ് പ്രമേയ സിനിമയെ കുറിച്ചാണ് രാം ചരണ്‍ സംസാരിച്ചത്. ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ ആണ് രാം ചരണ്‍ തന്റെ ആഗ്രഹത്തെ കുറിച്ച് പറഞ്ഞത്.

പ്രശസ്ത ക്രിക്കറ്റ് താരം വിരാട് കോഹ്ലിയെ ഒരു സിനിമയില്‍ ആവിഷ്‌കരിക്കാന്‍ താല്‍പ്പര്യമുണ്ടോ എന്നായിരുന്നു അവതാരകന്‍ രാം ചരണിനോട് ചോദിച്ചത്. കോഹ്ലി ഒരു ഇന്‍സ്പിരേഷന്‍ ആയതുകൊണ്ട് തന്നെ ആ വേഷം ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നു.

ഒരു അവസരം ലഭിച്ചാല്‍, അത് വളരെ സന്തോഷം തരും എന്നാണ് രാം ചരണ്‍ മറുപടി പറഞ്ഞത്. അതേസമയം, താന്‍ സല്‍മാന്‍ ഖാന്റെ ആരാധകനാണെന്നും താരം പറയുന്നുണ്ട്. അച്ഛന്റെ അടുത്ത സുഹൃത്തായതിനാല്‍ അദ്ദേഹം തന്നെ മുംബൈയിലേക്ക് ക്ഷണിച്ചിരുന്നു. താന്‍ മുംബൈയിലുണ്ടെന്ന് അറിഞ്ഞിട്ടാണ് വിളിച്ചത്.

താന്‍ ഇവിടെ ഉണ്ടെന്നത് എങ്ങനെ അറിഞ്ഞുവെന്ന് ചോദിച്ചപ്പോള്‍, ബോംബെയില്‍ ഞാന്‍ അറിയാതെ ഒന്നും സംഭവിക്കില്ല എന്നായിരുന്നു സല്‍മാന്‍ ഖാന്‍ പറഞ്ഞത് എന്നാണ് രാം ചരണ്‍ പറഞഅഞത്. അതേസമയം, ആര്‍ആര്‍ആറിന്റെ വന്‍ വിജയത്തിന് ശേഷം ലോകമെമ്പാടും ശ്രദ്ധ നേടിയ നടനാണ് രാം ചരണ്‍.