സസ്യാഹാരികളോട് പുച്ഛം, എനിക്ക് ദിവസവും രാവിലെ മട്ടണ്‍ സൂപ്പും ചിക്കനും അപ്പവും വേണം, ഒപ്പം മദ്യപാനവും ഉണ്ടായിരുന്നു..: രജനികാന്ത്

താന്‍ ഇപ്പോഴും ആരോഗ്യത്തോടെയിരിക്കാന്‍ കാരണം ഭാര്യ ലത ആണെന്ന് രജനികാന്ത്. ബസ് കണ്ടക്ടര്‍ ആയിരുന്ന സമയത്ത് തനിക്ക് ധാരാളം ദുശീലങ്ങള്‍ ഉണ്ടായിരുന്നു. ദിവസവും മട്ടനും മദ്യവും വേണം, സസ്യഹാരികളെ താന്‍ പുച്ഛത്തോടെയാണ് കണ്ടിരുന്നത് എന്നാണ് താരം പറയുന്നത്. ഭാര്യാ സഹോദരനും നടനും നാടകകൃത്തുമായ വൈ ജി മഹേന്ദ്രയ്ക്ക് ഒപ്പം ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് രജനികാന്ത് സംസാരിച്ചത്.

തനിക്ക് ലതയെ പരിചയപ്പെടുത്തിയും വിവാഹം കഴിപ്പിച്ചു തന്നതും വൈ ജി മഹേന്ദ്രയാണ്. തനിക്ക് ഇപ്പോള്‍ 73 വയസ്സായി, തന്റെ ആരോഗ്യത്തിന് കാരണം ഭാര്യയാണ്. ബസ് കണ്ടക്ടറായിരുന്നപ്പോള്‍, തെറ്റായ കൂട്ടുക്കെട്ടുകള്‍ കാരണം നിരവധി മോശം ശീലങ്ങള്‍ ഉണ്ടായിരുന്നു. അന്നൊക്കെ ദിവസവും രണ്ടുനേരം മട്ടന്‍ കഴിക്കുമായിരുന്നു.

നിത്യവും മദ്യപിക്കുമായിരുന്നു. എത്ര സിഗരറ്റാണ് വലിച്ചു കൂട്ടിയതെന്ന് പോലും അറിയില്ല. സിനിമയില്‍ വന്നതിനു ശേഷം ഇത് വര്‍ദ്ധിച്ചു. തനിക്ക് ദിവസവും രാവിലെ മട്ടണ്‍ സൂപ്പും അപ്പവും ചിക്കനും കഴിക്കണം. സസ്യാഹാരികളെ പുച്ഛത്തോടെയാണ് കണ്ടിരുന്നത്. അവരൊക്കെ എന്താണ് കഴിക്കുന്നതെന്ന് വരെ അത്ഭുതപ്പെട്ടിരുന്നു.

സിഗരറ്റ്, മദ്യം, മാംസം എന്നിവ അപകടകരമായൊരു കോമ്പിനേഷനാണ്. പരിധിയില്ലാതെ ഇതെല്ലാം ചെയ്യുന്നവര്‍ 60 വയസ്സ് വരെ ആരോഗ്യത്തോടെ ജീവിച്ചിട്ടില്ല. ലത തന്നെ സ്‌നേഹം കൊണ്ട് മാറ്റിയെടുത്തു. സ്‌നേഹത്തോടെയും ശരിയായ ഡോക്ടര്‍മാരുടെയും സഹായത്തോടെയും തന്റെ ജീവിതം ചിട്ടപ്പെടുത്തിയെടുത്തു എന്നാണ് രജനികാന്ത് പറയുന്നത്.

അതേസമയം, ‘ജയിലര്‍’ എന്ന സിനിമയാണ് രജനികാന്തിന്റെതായി ഒരുങ്ങുന്നത്. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കാമിയോ റോളില്‍ എത്തുന്നുണ്ട്. ശിവ രാജ്കുമാര്‍, തമന്ന, രമ്യ കൃഷ്ണന്‍, സുനില്‍, വസന്ത് രവി, വിനായകന്‍, യോഗി ബാബു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.