കിലുക്കത്തില്‍ രേവതിയുടെ പെട്ടികളും ചുമന്ന് മല കയറിയ ജോജിയെ പോലെ ഈ മാഡത്തിന്റെ പെട്ടികള്‍ ഞാന്‍ ചുമക്കേണ്ടി വന്നു: വിശാഖ് സുബ്രഹ്മണ്യം

വിനീത് ശ്രീനിവാസന്‍ ഒരുക്കിയ ഹൃദയം സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍. പ്രണവ് മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് നായികമാരായി എത്തിയത്.

ഷൂട്ടിംഗിന്റെ ആദ്യ ദിവസം മുതല്‍ തന്നെ കൊണ്ട് ബാഗുകള്‍ ചുമപ്പിച്ച കല്യാണിയെ കുറിച്ചാണ് നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം ഇപ്പോള്‍ പറയുന്നത്. കിലുക്കത്തില്‍ രേവതിയുടെ പെട്ടികളും ചുമന്ന് മല കയറിയ ജോജിയെ പോലെ താനും പെട്ടി ചുമന്ന് മല കയറി ഒരു പരുവമായി എന്നാണ് വിശാഖ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

വിശാഖ് സുബ്രഹ്മണ്യത്തിന്റെ കുറിപ്പ്:

Once upon a time in Munnar – ഷൂട്ടിന്റെ ആദ്യ ദിവസം. ചെറിയൊരു സോംഗ് കട്ടിനായി ഞങ്ങള്‍ പുറപ്പെട്ടു. ലിമിറ്റഡ് ക്രൂ മതിയെന്ന് വിനീത്, സസന്തോഷം ഞാന്‍ അത് സമ്മതിച്ചു. ഫോട്ടോയിലെ ഈ മാഡത്തിനും സമ്മതം. പക്ഷെ നിങ്ങള്‍ കൂടെ നിന്ന് സഹായിക്കണം എന്നായിരുന്നു ആവശ്യം.

എനിക്കും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിത്താരയ്ക്കും ഡബിള്‍ ഓക്കേ. ഷൂട്ടിനായി രണ്ട് വര്‍ഷം മുമ്പ് ഇതേ ദിവസം മൂന്നാറില്‍ എത്തിയ ഉടനെ എന്റെ തോളത്തേക്ക് ബാഗുകള്‍ അണ്‍ലോഡ് ചെയ്തു ഈ മാഡം. ബാഗുകളും ചുമന്ന് മല കയറി ഞാനൊരു പരുവമായി.

ചുരുക്കി പറഞ്ഞാല്‍ പ്രിയന്‍ അങ്കിളിന്റെ കിലുക്കത്തില്‍’ രേവതി മാമിന്റെ പെട്ടികളും ചുമന്ന് മല കയറി പരുവമായി ജോജിയുടെ (ലാല്‍ ചേട്ടന്‍) അവസ്ഥ. ഈ മാഡവുമായി അന്ന് തുടങ്ങിയ സൗഹൃദമാണ്… ഇന്ന് കട്ട കമ്പനിയായി അത് തുടരുന്നു.