മലയാള സിനിമയുടെ ബ്രാൻഡ് അംബാസഡറായാണ് അദ്ദേഹത്തെ നമ്മൾ കാണുന്നത്; പൃഥ്വിയെ പ്രശംസിച്ച് ബേസിൽ ജോസഫ്

‘ജയ ജയ ജയ ജയ ഹേ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്. ഗുരുവായൂരമ്പല നടയിൽ. പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിൽ നിഖില വിമലും അനശ്വര രാജനുമാണ് നായികമാരായെത്തുന്നത്. മെയ് 16 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

കൂടാതെ തമിഴ് താരം യോഗി ബാബുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കോമഡി- എന്റർടൈനർ ഴോണറിലാണ് ചിത്രമെത്തുന്നത്. ആടുജീവിതത്തിന് ശേഷമെത്തുന്ന പൃഥ്വിരാജിന്റെ മലയാള ചിത്രം കൂടിയാണ് ഗുരുവായൂരമ്പല നടയിൽ.

ബേസിൽ ജോസഫും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ ചിത്രത്തെ നോക്കിക്കാണുന്നത്. കോമഡി എന്റർടൈനർ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ഇപ്പോഴിതാ പൃഥ്വിരാജുമായുള്ള അനുഭവം പങ്കുവെക്കുകയാണ് ബേസിൽ ജോസഫ് വിമാനം സിനിമയുടെ സെറ്റിൽ വെച്ചാണ് താൻ ആദ്യമായി പൃഥ്വിയെ കാണുന്നതെന്നും, അന്നൊരു സെൽഫി എടുത്തു എന്നതൊഴിച്ചാൽ പൃഥ്വിയുമായി വേറെ പരിചയമൊന്നുമില്ലെന്നാണ് ബേസിൽ പറയുന്നത്. സിനിമ മാത്രം ആലോചിച്ച് ജീവിക്കുന്ന ആളാണ് അദ്ദേഹംമെന്നും മലയാള സിനിമയുടെ ബ്രാൻഡ് അംബാസിഡറായാണ് പൃഥ്വിയെ കണക്കാക്കുന്നതെന്നും ബേസിൽ പറയുന്നു.

“വിമാനം സിനിമയുടെ സെറ്റിൽ വെച്ചാണ് ഞാൻ ആദ്യമായി രാജുവേട്ടനെ കണ്ടത്. അന്ന് ഒരു സെൽഫി എടുത്തു എന്നല്ലാതെ അദ്ദേഹവുമായി എനിക്ക് വേറെ പരിചയമൊന്നുമില്ല. ആദ്യമൊക്കെ അദ്ദേഹത്തോട് സംസാരിക്കാൻ ഒരു പേടിയുണ്ടായിരുന്നു. അദ്ദേഹത്തോട് ഒരുപാട് ചോദ്യങ്ങൾ ചോദിക്കാനുണ്ടായിരുന്നു എനിക്ക്.

ഞാൻ ഭയങ്കര ഫാനാണ്. സിനിമയിലും ഇൻ്റർവ്യൂവിലും കാണുന്ന രാജുവേട്ടൻ നമ്മുടെ മുൻപിൽ നിൽക്കുകയാണ്. ആദ്യമൊന്നും ഒന്നും മിണ്ടിയില്ല. പിന്നെ നമ്മൾ ഒരേ വൈബാണെന്ന് മനസിലായി. തമാശയൊക്കെ പറയാൻ തുടങ്ങി.
ഞാൻ കുറേ കാര്യങ്ങൾ അദ്ദേഹത്തോട് ചോദിക്കുമായിരുന്നു. ടിപ്പ് ചോദിക്കൽ തന്നെയായിരുന്നു പരിപാടി. എങ്ങനെയാണ് ഇതൊക്കെ ഒരുമിച്ച് മാനേജ് ചെയ്ത് കൊണ്ടുപോകുന്നത് എന്ന് അറിയണമായിരുന്നു. അതിനെ കുറിച്ചൊക്കെ ചോദിച്ചിരുന്നു.

സിനിമ മാത്രം ആലോചിച്ച് ജീവിക്കുന്ന ആളാണ് അദ്ദേഹം. മലയാള സിനിമയുടെ ബ്രാൻഡ് അംബാസിഡറായാണ് അദ്ദേഹത്തെ നമ്മൾ കാണുന്നത്. സിനിമയെ കുറിച്ച് ഒരുപാട് സ്വപ്‌നമുള്ള ആളാണ്. അതുകൊണ്ട് തന്നെ ഇതൊക്കെ മാനേജ് ചെയ്യുന്നത് എങ്ങനെയാണെന്ന് അറിയാൻ ആകാംക്ഷ ഉണ്ടായിരുന്നു.

പഴയ സിനിമകളിലെ തമാശകളും കഥകളും കേട്ടു. ഫിലിമിലും ഡിജിറ്റലിലും വർക്ക് ചെയ്ത്‌ പരിചയമുള്ള ആളാണ് അദ്ദേഹം. ഒരുപാട് സംവിധായകർക്കൊപ്പവും നടന്മാർക്കൊപ്പവും അഭിനയിച്ചു കഴിഞ്ഞു. ഹിന്ദിയിലും തെലുങ്കിലുമൊക്കെ അഭിനയിച്ചതൻ എക്‌സ്‌പീരിയൻസ് അദ്ദേഹത്തിന് പങ്കുവെക്കാൻ കഴിയുമല്ലോ. അത്തരത്തിൽ ഓരോ ഭാഷയിലെ കാര്യങ്ങളും ഞാൻ ചോദിക്കുമായിരുന്നു. പ്രശാന്ത് നീൽ എങ്ങനെയാണ്, മറ്റേ പുള്ളി എങ്ങനെയാണ് എന്നൊക്കെയാണ് എൻ്റെ ചോദ്യങ്ങൾ.” എന്നാണ് സൈനക്ക് നൽകിയ അഭിമുഖത്തിൽ ബേസിൽ പറഞ്ഞത്.

കുഞ്ഞിരാമായണം എന്ന ചിത്രത്തിന് ശേഷം ദീപു പ്രദീപ്  തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് ഗുരുവായൂരമ്പല നടയിൽ. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള അരങ്ങേറ്റ ചിത്രം കൂടിയാണിത്

ജഗദീഷ്, ബൈജു, ഇർഷാദ്, സിജു സണ്ണി, രേഖ, മനോജ് കെ. യു തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. നീരജ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ അങ്കിത് മേനോൻ ആണ്.

Read more