കാരവനിലിരുന്ന് കുഞ്ഞിന് പാൽ പമ്പ് ചെയ്ത് അയക്കും, എന്റെ ഭർത്താവാണ് ഇതിനെല്ലാം ഇരയായത്: കാജൽ അഗർവാൾ

തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് പ്രിയപ്പെട്ട താരമാണ് കാജൽ അഗർവാൾ. ഒരിടയ്ക്ക് തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങിനിന്ന കാജൽ വിവാഹത്തിന് ശേഷം ചെറിയ ഒരിടവേളയെടുത്തിരുന്നു. ഇപ്പോഴിതാ പ്രസവശേഷം താൻ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചും പ്രസവാനന്തര വിഷാദത്തെ കുറിച്ചും സംസാരിക്കുകയാണ് കാജൽ അഗർവാൾ.

പ്രസവശേഷം കുഞ്ഞിന് കാരവനിലിരുന്ന് കുഞ്ഞിന് വേണ്ടി പാൽ പമ്പ് ചെയ്ത അയക്കുമായിരുന്നെന്നും പ്രസവാനന്തര വിഷാദം നേരിട്ടുവെന്നും കാജൽ അഗർവാൾ പറയുന്നു. കൂടാതെ പ്രസവാനന്തര വിഷാദം ഉണ്ടായതിന് ഏറ്റവും കൂടുതൽ ഇരയായത് തന്റെ ഭർത്താവാണെന്നും കാജൽ പറയുന്നു.

“തിരുപ്പതിയിൽ നിന്നും ഷൂട്ടിം​ഗ് സ്ഥലത്തേക്ക് രണ്ട് മണിക്കൂർ യാത്രയുണ്ട്. അമ്മയെയും സഹായികളെയും തിരുപ്പതിയിൽ എത്തിച്ചു. രാവിലെ ഷൂട്ടിം​ഗിന് പോകും. കുഞ്ഞിന് പാൽ പമ്പ് ചെയ്ത് അയക്കും. ആറ് മണിക്കൂറോളം കുഞ്ഞിന് പാൽ അയക്കാൻ ഡ്രെെവർ വണ്ടി ഓടിക്കണം. എല്ലാ ദിവസവും ഇങ്ങനെ ചെയ്തു. മറ്റൊരു വഴി ഉണ്ടായിരുന്നില്ല.

ഐസ് പാക്കുകളും കോൾഡ് സ്റ്റോറേജുകളും ഉപയോ​ഗിച്ച് പാൽ കേടാകാതെ വെക്കണം. ഷോട്ടുകൾക്കിടയിൽ വാനിറ്റി വാനിലിരുന്ന് പാൽ പമ്പ് ചെയ്യും. തന്റെ ടീം വളരെ സഹായിച്ചിട്ടുണ്ട്. കുഞ്ഞ് പിറന്ന ശേഷം പോസ്റ്റ്പാർട്ടം ഡിപ്രഷൻ നേരിട്ടു. ഞാൻ വളരെ ആശങ്കപ്പെട്ടു. ഇൻസെക്യൂരിറ്റികളുണ്ടായി, ദേഷ്യം വരും.

എന്റെ ഭർത്താവാണ് ഇതിനെല്ലാം ഇരയായത്. കാരണമൊന്നുമില്ലാതെ ഞാൻ കരയും. എന്തുകൊണ്ട് ഇങ്ങനെയെല്ലാം തോന്നുന്നെന്ന് ചിന്തിച്ചു. പുതിയ അന്തരീക്ഷവുമായി സ്ത്രീകൾ പൊരുത്തപ്പെടേണ്ടത് പ്രധാനമാണ്. നമ്മളും ആദ്യമായാണ് അമ്മയാകുന്നത്. തിരുപ്പതിയിൽ കുഞ്ഞിനെ വെച്ച് ഷൂട്ടിം​ഗിന് പോകുമ്പോൾ എനിക്കുള്ള സെപറേഷൻ ആംങ്സൈറ്റി കുഞ്ഞിന് തോന്നുന്നതിനേക്കാൾ വലുതാണ്.

എല്ലാ ദിവസവും ഞാൻ കരഞ്ഞ് കൊണ്ടാണ് വർക്കിന് പോയത്. ഭർത്താവിനെയോ സഹോദരി നിഷയെയോ വിളിക്കും. എന്തിനാണിത് ചെയ്യുന്നത്, ഞാൻ വീട്ടിലിരിക്കണം, ചിലപ്പോൾ ഞാൻ നല്ല അമ്മയായിരിക്കില്ല എന്നൊക്കെയുള്ള കുറ്റബോധം തോന്നും. ഞാൻ തെറാപ്പിയെ‌ടുത്തു. ചെറിയ ഡോസിലുള്ള ആന്റി ഡിപ്രസന്റുകൾ കഴിച്ചു. സൈക്യാട്രിസ്റ്റിന്റെ നിർദ്ദേശപ്രകാരം സുരക്ഷിതമായ ആന്റിഡിപ്രസന്റുകളാണ് കഴിച്ചത്.” എന്നാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കാജൽ അഗർവാൾ പറഞ്ഞത്.

Read more