14കാരനെ മര്‍ദ്ദിച്ച സംഭവം; ബിജെപി നേതാവിനെ ജാമ്യത്തില്‍ വിട്ടയച്ചതില്‍ വ്യാപക പ്രതിഷേധം; വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസ്

കായംകുളത്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ബിജെപി നേതാവ് വീണ്ടും അറസ്റ്റില്‍. ബിജെപി നേതാവ് ആലമ്പള്ളി മനോജിനെയാണ് 14കാരനെ ആക്രമിച്ച സംഭവത്തില്‍ പൊലീസ് വധശ്രമക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. കേസില്‍ നേരത്തെ അറസ്റ്റ് ചെയ്ത പ്രതി ആലമ്പള്ളി മനോജിനെ പൊലീസ് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

നിസാര വകുപ്പുകള്‍ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്നും ആരോപണം ഉയര്‍ന്നിരുന്നു.

Read more

ഇതിന് പിന്നാലെയാണ് കേസില്‍ പൊലീസ് പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കാപ്പില്‍ സ്വദേശിയുടെ മകനെ പ്രതി മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഈ സമയം കുട്ടിയുടെ സഹോദരനും ഒപ്പമുണ്ടായിരുന്നു. നിലവില്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് കുട്ടി.