തന്റെ ക്ഷമ പരീക്ഷിക്കരുത്, ഉടന്‍ തിരിച്ചെത്തണം; പ്രജ്വലിന് താക്കീതുമായി എച്ച്ഡി ദേവഗൗഡ

ലൈംഗിക പീഡന പരാതിയില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യം വിട്ട ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണയ്ക്ക് താക്കീതുമായി മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്ഡി ദേവഗൗഡ. എവിടെയാണെങ്കിലും ഉടന്‍ തിരിച്ചെത്തണമെന്നും തന്റെ ക്ഷമ പരീക്ഷിക്കരുതെന്നും ദേവഗൗഡ എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കി.

പ്രജ്വല്‍ രേവണ്ണയ്ക്ക് തന്റെ മുന്നറിയിപ്പ് എന്ന തലക്കെട്ടിലാണ് രണ്ട് പേജുള്ള കത്ത് എച്ച്ഡി ദേവഗൗഡ പ്രസിദ്ധീകരിച്ചത്. എത്രയും വേഗം തിരിച്ചെത്തി വിചാരണ നേരിടണമെന്നും പ്രജ്വലിന് ദേവഗൗഡ മുന്നറിയിപ്പ് നല്‍കി. തന്റെ വാക്കുകള്‍ അവഗണിച്ചാല്‍ പ്രജ്വല്‍ കുടുംബത്തില്‍ പൂര്‍ണമായും ഒറ്റപ്പെടുമെന്നും ദേവഗൗഡ അറിയിച്ചു.

Read more

പ്രജ്വല്‍ വിദേശത്തേക്ക് പോയത് തന്റെ അറിവോടെയല്ല. തെറ്റുകാരനാണെന്ന് കണ്ടെത്തിയാല്‍ പ്രജ്വലിന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിക്കണമെന്നാണ് തന്റെ നിലപാടെന്നും ദേവഗൗഡ പറയുന്നു. ലൈംഗിക പീഡന പരാതിയ്ക്ക് പിന്നാലെ പ്രജ്വല്‍ ജര്‍മ്മനിയിലേക്ക് കടന്നുകളയുകയായിരുന്നു. ഒളിവില്‍ പോയ പ്രജ്വലിന്റെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് റദ്ദാക്കുന്നത് വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.