ഫാം ഹൗസിലെ റേവ് പാര്‍ട്ടി; നടി ഹേമ ഉള്‍പ്പെടെ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പരിശോധന ഫലം; കേസ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

തെലുങ്ക് നടി ഹേമ ഉള്‍പ്പെടെ റേവ് പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ രക്ത സാമ്പിളുകളുടെ പരിശോധന ഫലം പുറത്തുവന്നു. റിയല്‍ എസ്റ്റേറ്റ് കമ്പനി കോണ്‍കാര്‍ഡിന്റെ ഉടമ ഗോപാല റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിലായിരുന്നു റേവ് പാര്‍ട്ടി നടന്നത്. രക്ത സാമ്പിളുകളുടെ പരിശോധന ഫലം പുറത്തുവന്നതില്‍ 86 പേര്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചു.

103 പേരാണ് ആകെ പാര്‍ട്ടിയില്‍ പങ്കെടുത്തത്. ഇതില്‍ 73 പുരുഷന്‍മാരും 30 സ്ത്രീകളും പങ്കെടുത്തതായാണ് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്. പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 59 പുരുഷന്‍മാരുടെയും 27 സ്ത്രീകളുടെയും രക്ത സാമ്പിളുകള്‍ പോസിറ്റീവായിട്ടുണ്ട്.

മെയ് 20ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. റേവ് പാര്‍ട്ടിക്കിടെ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയില്‍ എംഡിഎംഎയും കൊക്കെയ്‌നും ഉള്‍പ്പെടെ പിടിച്ചെടുത്തിരുന്നു. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായാണ് പാര്‍ട്ടി നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കേസ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്.

Read more

പരിശോധന ഫലത്തില്‍ രക്തസാമ്പിളുകള്‍ പോസിറ്റീവായവര്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയ്‌ക്കെത്തിയവരെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.