ആ സീനില്‍ പൊടിഞ്ഞ ഒരു തുള്ളി കണ്ണീര്‍ എന്റേതാണ്, രണ്ടാമത്തേത് കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സും: കീര്‍ത്തി സുരേഷ്

രാജ്യത്തെ മികച്ച അഭിനേത്രിയായി കീര്‍ത്തിക്കപ്പെടുന്നതിന്റെ സന്തോഷത്തിലാണ് നടി കീര്‍ത്തി സുരേഷ്. തെലുങ്കു ചിത്രം മഹാനടിയിലെ പ്രകടനമാണ് കീര്‍ത്തിയ്ക്ക് അറുപത്തിയാറാമത് ദേശീയ പുരസ്‌കാരത്തില്‍ മികച്ച നടിയ്ക്കുള്ള അവാര്‍ഡ് നേടിക്കൊടുത്തത്. തെന്നിന്ത്യന്‍ സിനിമയിലെ ഇതിഹാസ നായികയായിരുന്ന സാവിത്രിയുടെ ജീവിത കഥ പറഞ്ഞ ചിത്രമായിരുന്നു മഹാനടി. ചിത്രത്തിലെ തനിക്ക് മറക്കാന്‍ കഴിയാത്ത ഒരു സീനിനെ കുറിച്ച് പറയുകയാണ് കീര്‍ത്തി സുരേഷ്.

‘ഇടതുകണ്ണില്‍ നിന്ന് രണ്ടു തുള്ളി കണ്ണീര്‍ ഇറ്റുവീഴേണ്ട സീന്‍ അതേപടി ജീവസുറ്റതാക്കി അവതരിപ്പിച്ച നടിയാണ് സാവിത്രിയമ്മ. ക്യാമറ ആക്ഷന്‍ പറഞ്ഞു. കൃത്യം രണ്ടു തുള്ളി കണ്ണീര്‍ കവിള്‍തടത്തില്‍ തട്ടിനിന്നു. അതായിരുന്നു സാവിത്രി. എത്ര തുള്ളിക്കണ്ണീര്‍ എപ്പോള്‍ വേണമെങ്കിലും കണ്ണില്‍ നിന്ന് പൊഴിക്കാന്‍ സാവിത്രിയമ്മക്ക് കഴിയുമായിരുന്നു.’

‘ആ സീനില്‍ ഗ്ലിസറിനില്ലാതെ ഒരു തുള്ളിക്കണ്ണീരെങ്കിലും വീഴിക്കണമെന്ന് എനിക്കൊരു നിര്‍ബന്ധമുണ്ടായിരുന്നു. ഞാനത് സംവിധായകനോട് പറഞ്ഞു. അവര്‍ ക്ഷമയോടെ കാത്തുനിന്നു. ആ സീനില്‍ പൊടിഞ്ഞതില്‍ ഒരു തുള്ളി എന്റെ സ്വന്തം കണ്ണീരാണ്. രണ്ടാമത്തെ തുള്ളി കംപ്യൂട്ടര്‍ ഗ്രാഫിക്‌സും.’ മനോരമയുമായുള്ള അഭിമുഖത്തില്‍ കീര്‍ത്തി പറഞ്ഞു.