'സൂപ്പര്‍ സ്റ്റാര്‍ കങ്കണ ബോക്സ് ഓഫീസിന്റെ റാണി'; ധാക്കഡിന്റെ പരാജയത്തില്‍ പ്രതികരണവുമായി നടി

ബോളിവുഡില്‍ വന്‍ പരാജയമായി മാറിയിരിക്കുകയാണ് കങ്കണ റണാവത്ത് ചിത്രം ധാക്കഡ്. ബിഗ് ബജറ്റ് ചിത്രമാണ് എന്നുള്ളിടത്താണ് പരാജയഭാരം വര്‍ധിക്കുന്നത്. മെയ് 20 നാണ് റിലീസ് ചെയ്ത ചിത്രത്തിന് ഒട്ടുമിക്ക തിയേറ്ററുകളിലും ആളില്ലാത്തതിനാല്‍ ഷോകള്‍ റദ്ദാക്കിയതോടെ നിര്‍മാതാക്കള്‍ വന്‍നഷ്ടത്തിലേക്ക് കൂപ്പുകുത്തി. 100 കോടി ബഡ്ജറ്റിലെത്തിയ ചിത്രം നേടിയത് മൂന്ന് കോടി മാത്രമാണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ പരാജയത്തില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോടും പരാജയങ്ങളോടും പ്രതികരിച്ചിരിക്കുകയാണ് താരം. 2019 ല്‍ ഞാന്‍ മണികര്‍ണിക സൂപ്പര്‍ഹിറ്റാക്കി, 2020 ല്‍ കോവിഡ് ആയിരുന്നു. 2021 ല്‍ എന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായ തലൈവി ഒടിടിയില്‍ വന്‍ വിജമായിരുന്നു.’

‘എനിക്കെതിരേ ഒരുപാട് നെഗറ്റീവിറ്റി കാണാന്‍ സാധിക്കുന്നു. പക്ഷേ 2022 ല്‍ ഞാന്‍ ലോക്അപ്പ് എന്ന ഹിറ്റ് ഷോയുടെ അവതരിപ്പിക്കുന്നു. അത് ഇതുവരെ അവസാനിച്ചിട്ടില്ല. എനിക്ക് നല്ല പ്രതീക്ഷകളുണ്ട്- കങ്കണ കുറിച്ചു. ‘സൂപ്പര്‍സ്റ്റാര്‍ കങ്കണ ബോക്സ് ഓഫിസിന്റെ റാണിയാകുന്നു’ എന്ന ഒരു വാചകവും കങ്കണയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലുണ്ട്.

അതേസമയം, കങ്കണയുടെ പുതിയ ചിത്രം തിയേറ്റര്‍ റിലീസിന് പകരം ഒടിടിയിലേക്ക് കൊടുക്കാന്‍ ഒരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ചിത്രത്തിലെ ചില ഭാഗങ്ങള്‍ വീണ്ടും ഷൂട്ട് ചെയ്യാന്‍ പോകുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ധാക്കഡിന് പറ്റിയ പ്രശ്നങ്ങള്‍ പുതിയ ചിത്രത്തെ ബാധിക്കാതിരിക്കാനാണ് ഇതെന്നാണ് വിവരം.

തേജസാണ് കങ്കണയുടെ അടുത്ത ചിത്രം. ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ ഫൈറ്റര്‍ പൈലറ്റിന്റെ വേഷത്തിലാണ് കങ്കണ ചിത്രത്തിലെത്തുന്നത്. സര്‍വേഷ് മേവാരയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. കങ്കണയെ കൂടാതെ അന്‍ഷുല്‍ ചൗഹാന്‍, സങ്കല്‍പ് ഗുപ്ത, വരുണ്‍ മിത്ര എന്നിവരും ചിത്രത്തിലുണ്ട്.

തുടര്‍ച്ചയായി പരാജയപ്പെടുന്ന കങ്കണയുടെ എട്ടാമത്തെ ചിത്രമാണ് ‘ധാക്കഡ്’. ‘കാട്ടി ബാട്ടി’, ‘രന്‍ഗൂണ്‍’, ‘മണികര്‍ണിക’, ‘ജഡ്ജ്മെന്റല്‍ ഹേ ക്യാ’, ‘പങ്ക’, ‘തലൈവി’ എന്നീ സിനിമകള്‍ക്കും ബോക്സോഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല.

തമിഴില്‍ നിര്‍മിച്ച് മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട തലൈവി 10 കോടി വരുമാനമാണ് നേടിയത്. നിര്‍മാണ ചെലവ് 100 കോടിയായിരുന്നു. ധാക്കഡിന്റെ പരാജയം കങ്കണയുടെ അടുത്ത ചിത്രങ്ങളെയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. കങ്കണയെ കേന്ദ്ര കഥാപാത്രമാക്കി സിനിമയെടുക്കാനിരുന്ന പലരും ഇതോടെ പിന്മാറുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Read more

Screenshot 2022-06-06 at 8.53.02 AM