മലയാള സിനിമയ്ക്ക് ലോഹിതദാസ് എന്ന പ്രതിഭ നൽകിയ സംഭാവനകൾ വാക്കുകൾക്കതീതമാണ്. നിരവധി ക്ലാസിക് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചാണ് അദ്ദേഹം നമ്മെ വിട്ടുപോയത്. ഇന്നും ലോഹിതദാസ് ചിത്രങ്ങൾ ചർച്ച ചെയ്യപ്പെടുന്നു. അദ്ദേഹത്തിന് ശേഷം മകൻ ഹരികൃഷ്ണൻ ലോഹിതദാസും ഇപ്പോൾ സിനിമയിൽ സജീവമാണ്. അടുത്തിടെ പുറത്തിറങ്ങിയ ധീരൻ എന്ന സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചത് ഹരിയാണ്. പിതാവിന്റെ മരണശേഷം സിനിമയിൽ നിന്നും തനിക്ക് ലഭിച്ച സഹായങ്ങളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഹരികൃഷ്ണൻ.
മമ്മൂട്ടി, ദിലീപ് ഉൾപ്പെടെയുളള താരങ്ങളെ കുറിച്ചാണ് ഹരി മനസുതുറന്നത്. തനിക്ക് സിനിമാട്ടോഗ്രഫി പഠിക്കാൻ പണം ചെലവാക്കിയത് ദിലീപ് ആണെന്നും മമ്മൂട്ടി നൽകിയ ക്യാമറയാണ് ഇപ്പോഴും തന്റെ പക്കലുളളതെന്നും ഹരി പറഞ്ഞു. ‘സിനിമാട്ടോഗ്രഫി പഠിക്കുന്ന സമയത്ത് അതിൻറെ ഫീസ് കൊടുത്തത് ദിലീപേട്ടനാണ്. അന്ന് എൻറെ കയ്യിൽ ക്യാമറ ഇല്ലായിരുന്നു. ക്യാമറയും ഡ്രസുകളും വാങ്ങിത്തന്നത് മമ്മൂക്കയാണ്. ഇപ്പോഴും ആ ക്യാമറ തന്നെയാണ് എൻറെ കയ്യിലുള്ളത്. വേറെ വാങ്ങിയിട്ടില്ല’, ഹരി പറയുന്നു.
Read more
‘കുറച്ച് കാശ് കൊണ്ട് തന്നാൽ അതവിടെ തീരും. അവരെനിക്ക് തന്നത് ഒരു ജീവിതമാർഗമാണ്. അച്ഛനെ അറിഞ്ഞ് ഇവർ പ്രവർത്തിച്ചു എന്നുള്ളതാണ്. ഞങ്ങളെ സ്ട്രഗിൾ ചെയ്യാൻ അനുവദിച്ചിരുന്നില്ല. ഞങ്ങളുടെ എല്ലാ കാര്യങ്ങളും അറിയുന്നുണ്ട്, ചോദിക്കുന്നുണ്ട് എല്ലാം ചെയ്യുന്നുണ്ട്. ധീരൻറെ ലൊക്കേഷനിലൊക്കെ പോയപ്പോൾ മമ്മൂക്ക തന്ന ക്യാമറയാണ് കൊണ്ട് പോയത്’, കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ഹരി പറഞ്ഞു.