ഇത്തരം ആണ്‍കുട്ടികളോട് ഒപ്പം തിരശ്ശീല പങ്കിട്ടു എന്ന് പറയുന്നതാണ് എന്റെ ദേശീയ പുരസ്‌കാരം; കാര്‍ത്തിയെ പിന്തുണച്ച് ഹരീഷ് പേരടി

കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച കാര്‍ത്തിയെ പിന്തുണച്ച് നടന്‍ ഹരീഷ് പേരടി. കഠിനമായി അദ്ധ്വാനിച്ച് നമുക്ക് അന്നം തരുന്ന കര്‍ഷകര്‍ കടുത്ത തണുപ്പിലും കോവിഡ് ഭീതിയിലും ഒരാഴ്ചയായി തലസ്ഥാനത്തെ തെരുവില്‍ സമരം ചെയ്യുകയാണ് സര്‍ക്കാര്‍ അവരുടെ ശബ്ദം കേള്‍ക്കണം എന്ന പ്രസ്താവനയാണ് കാര്‍ത്തി പങ്കുവച്ചത്.

കാര്‍ത്തിയുടെ നിലപാടിനോട് പിന്തുണച്ചാണ് ഹരീഷ് പേരടിയുടെ പ്രതികരണം. കാര്‍ത്തിയുടെ ട്വീറ്റ് വാര്‍ത്തയായതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് നടന്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്. ഇത്തരം ആണ്‍കുട്ടികളോടൊപ്പം തിരശ്ശീല പങ്കിട്ടു എന്ന് പറയുന്നതാണ് തന്റെ ദേശീയ പുരസ്‌ക്കാരം എന്നാണ് ഹരീഷ് പേരടി പറയുന്നത്.

“”അഭിനയ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ ഇത്തരം ആണ്‍കുട്ടികളോടൊപ്പം തിരശ്ശീല പങ്കിട്ടു എന്ന് പറയുന്നതാണ് എന്റെ ദേശീയ പുരസ്‌ക്കാരം…ഭീരുക്കളെപറ്റി പറഞ്ഞ് എന്റെയും നിങ്ങളുടെയും വിലപ്പെട്ട സമയം കളയുന്നില്ല..ഇനിയുള്ള കാലം നമുക്ക് കാര്‍ത്തിയെ പോലെയുള്ള ധീരന്‍മാരെ പറ്റി മാത്രം സംസാരിക്കാം…”” എന്ന് ഹരീഷ് പേരടി കുറിച്ചു.

ജലക്ഷാമം, പ്രകൃതി ദുരന്തം എന്നിവ കാരണം കര്‍ഷകര്‍ വലിയ പ്രശ്‌നങ്ങളാണ് അനുഭവിക്കുന്നത്. വിളകള്‍ക്ക് തക്കതായ പ്രതിഫലം ലഭിക്കുന്നില്ല, അത് അവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് അധികാരികള്‍ അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കണമെന്നും നടപടിയെടുക്കണമെന്നും അപേക്ഷിക്കുന്നു എന്നാണ് കാര്‍ത്തി പ്രസ്താവനയില്‍ പറഞ്ഞത്.