മൂത്തോന്റെ വേള്‍ഡ് പ്രീമിയര്‍ കാണാന്‍ അദ്ദേഹവും എന്നോടൊപ്പം ഉണ്ടായിരുന്നെങ്കിലെന്ന് ഞാന്‍ ആശിച്ചു: ഗീതു മോഹന്‍ദാസ്

മലയാളത്തിന്റെ യശസ്സുയര്‍ത്തി നിവിന്‍ പോളി ചിത്രം മൂത്തോന്‍ ടൊറന്റോ രാജ്യാന്തര ഫെസ്റ്റിവലില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു.സിനിമയുടെ വേള്‍ഡ് പ്രീമിയര്‍ ആണ് ടോറന്റോയില്‍ വെച്ചു നടന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ചിത്രമാണിതെന്നാണ് പൊതുവെയുള്ള അഭിപ്രായം. ടൊറന്റോയില്‍ സ്‌പെഷല്‍ റെപ്രസന്റേഷന്‍ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. മൂത്തോന്റെ വേള്‍ഡ് പ്രീമിയര്‍ കാണാന്‍ അച്ഛനും തന്നോടൊപ്പം ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചെന്ന് ഗീതു പറയുന്നു.

“ഇരുപതുവര്‍ഷം മുമ്പ് എന്റെ അച്ഛനാണ് ആദ്യമായി എന്നെ കാനഡയില്‍ കൊണ്ടു വന്നത്. മകള്‍ക്ക് പ്രതീക്ഷകളുടെ വലിയ സ്വപ്നങ്ങളുടെ നാളെകള്‍ക്കായി ഒരു മുന്നൊരുക്കമായി. കഴിഞ്ഞ രാത്രിയില്‍ മൂത്തോന്റെ വേള്‍ഡ് പ്രീമിയര്‍ കാണാന്‍ അദ്ദേഹം എന്നോടൊപ്പമുണ്ടായിരുന്നെങ്കിലെന്ന് ഞാന്‍ ആശിച്ചു. അത് ഒരേ സമയം വൈകാരികവും ശക്തവും മാന്ത്രികവുമായിരുന്നു ഞങ്ങള്‍ക്കെല്ലാം, പ്രപഞ്ചമേ നന്ദി.” ടൊറന്റോയില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ട് ഗീതു മോഹന്‍ദാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Read more

മിനി സ്റ്റുഡിയോ, ജാര്‍ പിക്ചേഴ്സ്, പാരഗണ്‍ പിക്ചേഴ്സ് എന്നീ ബാനറുകള്‍ക്കൊപ്പം ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപും ചേര്‍ന്നാണ് മൂത്തോന്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിവിനൊപ്പം ശശാങ്ക് അറോറ, ശോഭിത് ധൂലിപാല, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് എന്നിവര്‍ അഭിനയിക്കുന്നു. ലക്ഷദ്വീപും മുംബൈയുമായിരുന്നു പ്രധാന ലൊക്കേഷനുകള്‍. ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ തന്റെ മുതിര്‍ന്ന സഹോദരനെ തേടി യാത്ര തിരിക്കുന്നതാണ് ചിത്രത്തിന്റെ പ്ലോട്ട് എന്നാണ് പുറത്തുവന്ന വിവരം. രാജീവ് രവി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് അജിത്ത് കുമാര്‍, കിരണ്‍ ദാസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.