പുഷ്‌പയിൽ ബണ്ണിയുടെ പ്രകടനത്തെ കുറിച്ച് ആളുകൾ ചർച്ച ചെയ്യാറുണ്ട്; നാഷണൽ അവാർഡ് വരെ കിട്ടിയതല്ലേ; പ്രതികരണവുമായി ഫഹദ് ഫാസിൽ

രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായെത്തുന്ന ‘ആവേശം’ ഏപ്രിൽ 11 ന് തിയേറ്ററുകളിൽ എത്തുകയാണ്. അൻവർ റഷീദ് എന്റർടൈൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജിത്തു മാധവൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

തെലുങ്കിൽ ‘പുഷ്പ ദി റൂൾ’ റിലീസിനോടടുത്തിരിക്കെയാണ് ആവേശമെത്തുന്നത് എന്നതും ഫഹദ് ആരാധകരെ സംബന്ധിച്ചിടത്തോളം പ്രതീക്ഷ നൽകുന്ന കാര്യമാണ്. ഇപ്പോഴിതാ പുഷ്പയിലെയും മാമ്മന്നിലെയും തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ഫഹദ്. വില്ലനേക്കാൾ ഉപരി നായകനെ ആഘോഷിച്ച സിനിമകൾ തന്നെയാണ് ഇത് രണ്ടുമെന്നാണ് ഫഹദ് പറയുന്നത്.

“പുഷ്പയിൽ പുഷ്‌പയെ അല്ലേ ഏറ്റവും കൂടുതൽ ആഘോഷിച്ചത്. അത് കഴിഞ്ഞിട്ടേ മറ്റ് കഥാപാത്രങ്ങളെയെല്ലാം ആഘോഷിച്ചിട്ടുള്ളൂ. വില്ലൻമാരെ ആഘോഷിക്കുകയെന്ന് പറഞ്ഞാൽ, അവരുടെ തമാശകളൊക്കെയാണ് പ്രേക്ഷകർ ഡിസ്ക്കസ് ചെയ്യുന്നത്. അല്ലാതെ വില്ലന്മാരുടെ കഥാപാത്രത്തിന്റെ ക്വാളിറ്റികളൊന്നുമല്ല.

അവരുടെ പെർഫോമൻസിനെയാണ് പ്രേക്ഷകർ ആഘോഷിക്കുന്നത്. ഇപ്പോൾ മാമന്നനിൽ ആണെങ്കിലും വടിവേലു സാറിൻ്റെ പെർഫോമൻസിനെ കുറിച്ചാണ് ആളുകൾ ചർച്ച ചെയ്യാറുള്ളത്. അതുപോലെ പുഷ്‌പയിൽ ബണ്ണിയുടെ പ്രകടനത്തെ കുറിച്ച് ആളുകൾ ചർച്ച ചെയ്യാറുണ്ട്. നാഷണൽ അവാർഡ് വരെ കിട്ടിയതല്ലേ.”എന്നാണ് ആവേശം പ്രസ് മീറ്റിനിടെ ഫഹദ് ഫാസിൽ പറഞ്ഞത്.

മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, മിഥുൻ ജെ.എസ്., റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ് രാജേന്ദ്രൻ, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള ഒരു ലോക്കൽ ഗുണ്ടാ നേതാവിന്റെ കഥയാണ് ആവേശത്തിന്റെ പ്രമേയമെന്നാണ് ടീസറിൽ നിന്നും ലഭിക്കുന്ന സൂചനകൾ. സമീർ താഹിർ ഛായാഗ്രഹണം നിർവഹിക്കുന്ന ആവേശത്തിന് സംഗീതം നൽകുന്നത് സുഷിൻ ശ്യാം ആണ്. വിനായക് ശശികുമാറാണ് വരികളെഴുതിയിരിക്കുന്നത്.
അഖിൽ സത്യൻ സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രമാണ് ഫഹദിന്റെ അവസാനമിറങ്ങിയ മലയാള ചിത്രം