പട്ടിയെപ്പോലെ പണിയെടുത്തിട്ട്, സിനിമ വന്ന് കാണണേ കാണണേ എന്ന് പറയാന്‍ മടി; തുറന്നുപറഞ്ഞ് ഫഹദ് ഫാസില്‍

സിനിമയ്ക്ക് വേണ്ടി പട്ടിയെ പോലെ പണിയെടുത്ത ശേഷം പ്രമോഷന്‍ അഭിമുഖങ്ങളില്‍ വന്ന് സിനിമ കാണണം എന്ന് പറയേണ്ടി വരുന്നത് മടിയുള്ള ഏര്‍പ്പാടാണെന്ന് ഫഹദ് ഫാസില്‍. ‘മലയന്‍കുഞ്ഞിന്റെ’ പ്രമോഷന്റെ ഭാഗമായി ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദിന്റെ പ്രതികരണം.

പട്ടിയെ പോലെയാണ് പണിയെടുക്കുന്നത്. അതുകഴിഞ്ഞ് വന്ന് കാണണേ കാണണേ എന്ന് പറയുന്നത് മടിയുള്ള കാര്യമാണ്. ഞാന്‍ ചെയ്യുന്ന ജോലി എന്റെ സാമര്‍ത്ഥ്യവും ബുദ്ധിയും കഴിവും വെച്ച് ഭംഗിയായി ചെയ്യുന്നുണ്ട്. സിനിമയുടെ ഷൂട്ട് ചെയ്ത് കഴിയുമ്പോള്‍ എന്റെ ജോലി കഴിയണമെന്നാണ്. അത് എന്‍ജോയ് ചെയ്യാന്‍ സാധിക്കണമെന്നാണ്. എന്നാല്‍ അതിന് കഴിയാറില്ല’ ഫഹദ് വ്യക്തമാക്കി.

സിജി മോന്‍ സംവിധാനം ചെയ്യുന്ന മലയന്‍കുഞ്ഞ് നാളെ തിയേറ്ററുകളില്‍ എത്തും. മഹേഷ് നാരായണന്‍ തിരക്കഥാകൃത്തും ഛായാഗ്രഹകനുമാകുന്ന ചിത്രത്തില്‍ ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും രഞ്ജിത് അമ്പാടി മേക്കപ്പും ധന്യാ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും വിഷ്ണു ഗോവിന്ദ് ശ്രീശങ്കര്‍ ടീം സൗണ്ട് ഡിസൈനും നിര്‍വഹിക്കുന്നു. 30 വര്‍ഷങ്ങള്‍ക്ക് ശേഷം എ ആര്‍ റഹ്‌മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന സിനിമ കൂടിയാണ് മലയന്‍കുഞ്ഞ്.

ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസില്‍ മലയന്‍കുഞ്ഞിലൂടെ നിര്‍മാണ രംഗത്തേക്ക് തിരിച്ചുവരികയാണെന്ന പ്രത്യേകതയുമുണ്ട്. മോഹന്‍ലാല്‍ നായകനായ ‘വിസ്മയത്തുമ്പത്താണ്’ ഫാസില്‍ അവസാനമായി നിര്‍മ്മിച്ച ചിത്രം.ഫഹദിന്റെ ആദ്യ ചിത്രമായ ‘കൈയെത്തും ദൂരത്ത്’ നിര്‍മ്മിച്ചതും പിതാവ് ഫാസില്‍ തന്നെയായിരുന്നു.