ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറിയതിന് ശേഷം ആകെ ബ്ലാങ്ക് ആയിരുന്നു ഞാൻ: കമൽ

മലയാള സിനിമയ്ക്ക് ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് കമൽ. 1986-ൽ പുറത്തിറങ്ങിയ ‘മിഴിനീർപൂക്കൾ’ എന്ന ചിത്രത്തിലൂടെയാണ് കമൽ സംവിധാനം രംഗത്തേക്ക് എത്തിയത്. കാക്കോത്തി കാവിലെ അപ്പൂപ്പൻ താടികൾ, ഉണ്ണികളേ ഒരു കഥ പറയാം, ഉള്ളടക്കം, മഴയെത്തും മുൻപെ, നിറം, മധുരനൊമ്പരക്കാറ്റ്, നമ്മൾ, പെരുമഴക്കാലം, കറുത്ത പക്ഷികൾ, സെല്ലുലോയ്ഡ് തുടങ്ങീ ഒരുപാട് മികച്ച സിനിമകൾ കമൽ എന്ന സംവിധായകൻ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.

2019-ൽ പുറത്തിറങ്ങിയ ‘പ്രണയമീനുകളുടെ കടൽ’ എന്ന ചിത്രമാണ് കമലിന്റെ അവസാനം പുറത്തിറങ്ങിയ മലയാള സിനിമ. നീണ്ട ഇടവേളയ്ക്ക് ശേഷം ഷൈൻ ടോം ചാക്കോയെ നായകനാക്കി വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രവുമായി കമൽ വീണ്ടുമെത്തുകയാണ്.

ഷൈൻ ടോം ചാക്കോയുടെ നൂറാമത്തെ ചിത്രം കൂടിയാണ് വിവേകാനന്ദൻ വൈറലാണ്. സ്വാസികയും ഗ്രേസ് ആന്റണിയുമാണ് ചിത്രത്തിൽ നായികയായെത്തുന്നത്. കോമഡി- എന്റർടൈനർ ഴോണറിൽ പുറത്തിറങ്ങുന്ന ചിത്രം സംവിധായകൻ കമലിന്റെ തിരിച്ചുവരവ് കൂടിയായിരിക്കും എന്നാണ് പ്രേക്ഷകർ കണക്കുകൂട്ടുന്നത്.

ഇപ്പോഴിതാ സിനിമയിൽ നിന്നും ഇടവേളയെടുത്തതിനെ കുറിച്ച് സംസാരിക്കുകയാണ് കമൽ. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറിയതിന് ശേഷം എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു എന്നാണ് കമൽ പറയുന്നത്.

“കൊവിഡ് വന്നതോടെ സിനിമാ തിയേറ്ററുകൾ അടച്ചുപൂട്ടി. പിന്നീട് ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ വന്നു. സിനിമയുടെ സാങ്കേതിക തലങ്ങൾ തന്നെ മാറി, സിനിമ പുതിയ ഒരു തലത്തിലെത്തി. 2022 ഡിസംബറിലാണ് ഞാൻ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറുന്നത്. അതിന് ശേഷം എന്തുചെയ്യണമെന്നറിയാതെ ആകെ ബ്ലാങ്കായി പോയി.

മലയാള സിനിമകളും മറ്റു ഭാഷയിലെ സിനിമകളും ഞാൻ ആ സമയത്ത് കാണാറുണ്ടായിരുന്നു. എന്നാൽ സിനിമ അതിൻ്റെ പുതിയ സ്വഭാവത്തിലേക്ക് മാറിയിരുന്നു. നമ്മൾ അതിശയിക്കുന്ന തരത്തിലായിരുന്നു മലയാള സിനിമ മാറിതുടങ്ങിയത്. ആ ഘട്ടത്തിൽ ഇനിയെന്ത് എന്ന ചോദ്യം കുറേനാൾ എന്നെ അലട്ടികൊണ്ടിരുന്നു. പലതരം സിനിമകളെ പറ്റി ചിന്തിച്ചു.

എന്നാൽ ഒന്നും ശരിയായില്ല. ഇതിനിടയിൽ ഒരു സ്ക്രിപ്റ്റെഴുതി. ആ സിനിമയിൽ മലയാളത്തിലെ ഒരു പ്രമുഖ നടൻ നായകനാകേണ്ടതായിരുന്നു. അദ്ദേഹത്തിന്റെ പേര് ഞാൻ പറയുന്നില്ല. ആ സിനിമക്കായി അദ്ദേഹത്തിന്റെ ഡേറ്റിന് വേണ്ടി കുറേനാൾ കാത്തിരുന്നു.

അതിന്റെ നിർമാതാക്കൾ ആകേണ്ടവർ ഇവിടെ ഈ ഓഡിയോ ലോഞ്ചിൽ ഇരിക്കുന്നുണ്ട്. ആ സിനിമയായിരുന്നു ഞാൻ ആദ്യം ചെയ്യേണ്ടിയിരുന്നത്. അതിനിടയിലാണ് ‘വിവേകാനന്ദൻ വൈറലാണ്’ എന്ന സിനിമയുടെ കഥ കടന്നു വരുന്നത്.” ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് കമൽ ഇങ്ങനെ പറഞ്ഞത്.