ഐപിഎല്‍ 2024: 'സ്പിന്നിനെതിരെ ഭൂലോക തോല്‍വി'; വിമര്‍ശനങ്ങളോട് പ്രതികരിച്ച് കോഹ്‌ലി

സ്പിന്നര്‍മാര്‍ക്കെതിരെ വിരാട് കോഹ്ലി പലപ്പോഴും കുടുങ്ങിയിട്ടുണ്ട്. ടി20 ക്രിക്കറ്റില്‍ സ്ലോ ബോളര്‍മാര്‍ക്കെതിരെ വലിയ സ്‌കോര്‍ ചെയ്യാന്‍ കോഹ്ലിക്ക് കഴിഞ്ഞിട്ടില്ല. ട്വീക്കറുകള്‍ക്ക് മുന്നിലെ അദ്ദേഹത്തിന്റെ പ്രകടനത്തെ ക്രിക്കറ്റ് വിദഗ്ധര്‍ ചോദ്യം ചെയ്തിട്ടുണ്ട്. കോഹ്ലി ക്രീസില്‍ നില്‍ക്കുമ്പോള്‍ എതിരാളികളായ ഫ്രാഞ്ചൈസികളുടെ ക്യാപ്റ്റന്‍മാര്‍ പലപ്പോഴും ഒരു സ്പിന്നറെ കൊണ്ടുവരാറുണ്ട്. ഇപ്പോഴിതാ സ്പിന്നര്‍മാരെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടും,
സ്ട്രൈക്ക് റേറ്റ് സംബന്ധിച്ചും തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് താരം.

ഞാന്‍ ഇതൊന്നും മുഖവിലയ്ക്കെടുക്കാറില്ല. എന്റെ സ്ട്രൈക്ക് റേറ്റിനെപ്പറ്റിയും സ്പിന്നിനെതിരേ നന്നായി കളിക്കുന്നില്ലെന്നുമെല്ലാം പറയുന്നവര്‍ ഈ തരത്തിലുള്ള നമ്പറുകളെക്കുറിച്ച് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്.

എന്നെ സംബന്ധിച്ചിടത്തോളം ഇതൊന്നുമല്ല പ്രധാനപ്പെട്ട കാര്യം. ടീമിനു വേണ്ടി മല്‍സരങ്ങള്‍ ജയിക്കുകയെന്നതാണ് ഞാന്‍ പ്രധാനമായി കാണുന്നത്. അതുകൊണ്ടാണ് കഴിഞ്ഞ 15 വര്‍ഷമായി ഞാന്‍ ഇതു തുടര്‍ന്നു കൊണ്ടിരിക്കുന്നത്. ഞാന്‍ ഇതു ദീര്‍ഘകാലമായി ചെയ്തു കൊണ്ടിരിക്കുകയാണ്.

ഞാന്‍ എന്റെ ജോലി ചെയ്യാനാണ് ശ്രമിക്കാറുള്ളത്. ആളുകള്‍ക്കു ഗെയിമിനെക്കുറിച്ച് അവരുടേതായ ഐഡിയകളും അനുമാനങ്ങളുമെല്ലാം നടത്താന്‍ കഴിയും. പക്ഷെ ദീര്‍ഘകാലമായി ഇതു ചെയ്തു കൊണ്ടിരിക്കുന്നവര്‍ക്കു എന്താണ് സംഭവിക്കുന്നതെന്നു വ്യക്തമായി അറിയാം- കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.