ഐപിഎല്‍ 2024: ഋഷഭ് പന്തിനെ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തു

ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ഋഷഭ് പന്തിനെ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തു. സീസണിലെ മൂന്നാമത്തെ സ്ലോ ഓവര്‍ റേറ്റ് കുറ്റത്തിനാണ് താരത്തെ ഒരു മത്സരത്തില്‍നിന്നും വിലക്കിയത്. മാച്ച് ഫീസില്‍നിന്ന് 30 ലക്ഷം രൂപ പന്തിന് പിഴയും ചുമത്തി.

രാജസ്ഥാന്‍ റോയല്‍സിനെതിരെ നിശ്ചിത സമയത്തിനുള്ളില്‍ ഓവര്‍ പൂര്‍ത്തിയാക്കുന്നതില്‍ ഡിസി പരാജയപ്പെട്ടിരുന്നു. വിലക്കിനെ തുടര്‍ന്ന് മെയ് 12-ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ അടുത്ത മത്സരം പന്തിന് നഷ്ടമാകും.

17-ാം സീസണില്‍ അടുത്ത റൗണ്ടില്‍ കളിക്കാന്‍ ഫ്രാഞ്ചൈസിക്ക് ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിക്കേണ്ടതിനാല്‍ അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ ഡല്‍ഹിയുടെ പ്ലേ ഓഫ് സാധ്യതകളെ ബാധിക്കും. നടന്നുകൊണ്ടിരിക്കുന്ന സീസണില്‍ അവരുടെ ഏറ്റവും മികച്ച പ്രകടനക്കാരില്‍ ഒരാളാണ് അദ്ദേഹം.

ആദ്യ രണ്ട് സ്ലോ ഓവര്‍ റേറ്റ് നിയമലംഘനങ്ങള്‍ക്ക് താരത്തിന് യഥാക്രമം താരത്തിന് 12 ലക്ഷം രൂപയും 24 ലക്ഷം രൂപയും പിഴ ചുമത്തിയിരുന്നു. വിശാഖപട്ടണത്തില്‍ നടന്ന ഡിസി-സിഎസ്‌കെ മത്സരത്തിനിടെയാണ് ആദ്യ നിയമലംഘനം നടന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് രണ്ടാമത്തെ നിയമലംഘനം ഉണ്ടായത്.