ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

ഇന്ത്യ മുന്നണിയോടുള്ള നിലപാട് മയപ്പെടുത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സീറ്റ് വിഭജനത്തെ തുടര്‍ന്നായിരുന്നു മമത ഇന്ത്യ മുണിയില്‍ നിന്ന് അകലം പാലിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ അവരെ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന് മമത ബാനര്‍ജി പറഞ്ഞു.

എന്നാല്‍ ബംഗാള്‍ കോണ്‍ഗ്രസിനോടും സിപിഎമ്മിനോടുമുള്ള നിലപാടില്‍ അയവ് വരുത്താന്‍ മമത തയ്യാറല്ല. അധിര്‍ രഞ്ജന്‍ ചൗധരി നേതൃത്വം നല്‍കുന്ന ബംഗാള്‍ കോണ്‍ഗ്രസോ സിപിഎമ്മോ തന്റെ കാഴ്ചപ്പാടില്‍ ഇന്ത്യ മുന്നണിയില്‍ ഉള്‍പ്പെടുന്നില്ലെന്നും മമത പറഞ്ഞു. അവര്‍ ബിജെപിയ്‌ക്കൊപ്പമാണെന്നും മമത കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭ തിരഞ്ഞെടുപ്പ് അവസാനഘട്ടങ്ങളിലേക്ക് അടുക്കാനിരിക്കെയാണ് മമത നിലപാടില്‍ അയവ് വരുത്തി ഇന്ത്യ മുന്നണിയോട് അടുക്കുന്നത്. തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളാണ് ഇനി ബാക്കിയുള്ളത്. പശ്ചിമ ബംഗാളില്‍ എല്ലാ ഘട്ടത്തിലും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.