ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

2024 തിരഞ്ഞെടുപ്പിന്റെ നാല് ഘട്ടം കഴിയുമ്പോള്‍ ആത്മവിശ്വാസം വര്‍ധിച്ച് ഇന്ത്യാ മുന്നണി. തങ്ങള്‍ ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറയുമ്പോള്‍ ഹിന്ദി ഹൃദയഭൂമി തങ്ങള്‍ക്ക് അനുകൂലമായി മാറുന്നതിന്റെ ആത്മവിശ്വാസമാണ് പ്രകടമായത്. തെക്കേ ഇന്ത്യ ബിജെപിയോട് കാണിക്കുന്ന വിമുഖത എല്ലാ എപ്പോഴും ഇന്ത്യ മുന്നണിയ്ക്ക് കരുത്തേകുന്നതാണെങ്കിലും ഹിന്ദി ഹൃദയഭൂമിയില്‍ ഉണ്ടാകുന്ന വേലിയേറ്റം പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടിയായിരുന്നു. എന്നാല്‍ ഏറ്റവും അധികം സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ കാറ്റ് മാറി വീശുന്നതിന്റെ സൂചനയാണ് ഇന്ത്യ മുന്നണിയുടെ ഡ്രൈവിംഗ് സീറ്റിലുള്ള കോണ്‍ഗ്രസിന്റെ ആത്മവിശ്വാസത്തിന് പിന്നില്‍.

സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനൊപ്പം യുപിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് മാറുന്ന രാഷ്ട്രീയത്തെ കുറിച്ചും ഉറപ്പായും ജൂണ്‍ നാലിന് ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന വാക്കും ഖാര്‍ഗെ പറയുന്നത്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി വോട്ടര്‍മാരെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയും സ്ഥാനാര്‍ത്ഥികളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നതിനപ്പുറം മറ്റിടങ്ങളിലെല്ലാം ഇന്ത്യ മുന്നണി മുന്നില്‍ തന്നെയാണെന്നും ഖാര്‍ഗെ വ്യക്തമാക്കുന്നുണ്ട്.

”ഭീഷണിപ്പെടുത്തിയിട്ടും ഇന്ത്യ മുന്നണി ആദ്യ നാല് ഘട്ടങ്ങളില്‍ ബിജെപിയേക്കാള്‍ വളരെ മുന്നിലാണ്… ബിജെപി ഞങ്ങള്‍ക്ക് വളരെ പിന്നിലാണ്… ഞങ്ങള്‍ കേന്ദ്രത്തില്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കും,”

സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനൊപ്പം ലഖ്നൗവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ നാലിന് ഇന്ത്യ മുന്നണി തന്നെ സര്‍ക്കാരുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചത്. കേന്ദ്രത്തില്‍ ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് എല്ലാ മാസവും 10 കിലോഗ്രാം റേഷന്‍ സൗജന്യമായി നല്‍കുമെന്ന പ്രഖ്യാപനവും മുന്നണിയുടെ ഭാഗത്ത് നിന്നുണ്ടായി. നരേന്ദ്ര മോദിയുടെ കൈവിടാന്‍ രാജ്യത്തെ ജനങ്ങള്‍ തീരുമാനിച്ചുവെന്ന ആത്മവിശ്വാസവും ഖാര്‍ഗെ പങ്കുവെച്ചത് ദേശീയ രാഷ്ട്രീയത്തിലുണ്ടാവുന്ന ചലനത്തിന്റെ ഭാഗമായാണ്. ഉത്തര്‍പ്രദേശിലെ 80-ല്‍ 79 സീറ്റിലും ഇന്ത്യ മുന്നണി വിജയിക്കുമെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് ആത്മവിശ്വാസം പ്രകടിപ്പിച്ചത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യുപിയില്‍ അഖിലേഷിന്റെ പാര്‍ട്ടിയ്ക്ക് കിട്ടുന്ന മേല്‍ക്കൈ കൂടി പരിഗണിച്ചാണ്. വോട്ടെണ്ണുന്ന ജൂണ്‍ നാല് മാധ്യമസ്വാതന്ത്ര്യത്തിന്റെ ദിനമായിരിക്കുമെന്നും മോദി-ഗോഥി മീഡിയയെ പരിഹസിച്ച് അഖിലേഷ് പറഞ്ഞിരിക്കുന്നു.

ബിജെപിയ്ക്കും മോദിയ്ക്കും അമിത് ഷായ്ക്കുമെല്ലാം അടിയൊഴുക്ക് വ്യക്തമായത് ചടുലമായ നീക്കങ്ങളില്‍ നിന്ന് തന്നെ വ്യക്തമാണ്. ആദ്യം രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞു തിരഞ്ഞെടുപ്പിന് ഇറങ്ങിയവര്‍ പിന്നീട് മുസ്ലീ ന്യൂനപക്ഷത്തെ കടന്നാക്രമിച്ച് ഭൂരിപക്ഷ വര്‍ഗീയത ഇളക്കാന്‍ ശ്രമിച്ചു. നാല് ഘട്ടം തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അതുമേല്‍ക്കില്ലെന്ന് മനസിലായി താന്‍ മുസ്ലീങ്ങള്‍ക്കെതിരെ ഒന്നും പറഞ്ഞില്ലെന്ന് നരേന്ദ്ര മോദി തന്നെ തിരുത്തി. കോണ്‍ഗ്രസ് അധികാരപത്തില്‍ വന്നാല്‍ നിങ്ങളുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടി മുസ്ലീങ്ങള്‍ക്ക് വീതം വെയ്ക്കുമെന്ന് ആദ്യഘട്ടങ്ങളില്‍ പറഞ്ഞ പ്രധാനമന്ത്രി ഞാന്‍ മുസ്ലീം വിരുദ്ധത പറഞ്ഞില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്.

ഹിന്ദു-മുസ്ലിം കാര്‍ഡ് കളിക്കുന്ന ദിവസം മുതല്‍ താന്‍ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് അയോഗ്യനായി മാറുമെന്ന് മോദി മാറ്റി പറയുന്നു. താന്‍ ഹിന്ദു-മുസ്ലിം വിഭാഗീയത നടത്തില്ല. ഇത് തന്റെ ദൃഢനിശ്ചയമാണെന്നെല്ലാം മോദി മാറ്റിപ്പറയുന്നത് പഴയ വാക്കുകളെല്ലാം അമ്പേ വിഴുങ്ങിയാണ്. രാജ്യത്തെ ഓഹരി വിപണിയിലടക്കം ബിജെപിയ്ക്ക് തുടര്‍ഭരണ സാധ്യതയില്ലെന്ന് കണ്ടു തിരിച്ചടി തുടങ്ങിയതോടെ കാര്യങ്ങളത്ര പന്തിയല്ലെന്ന് ബിജെപിയ്ക്കും മനസിലായി കഴിഞ്ഞു. 140 സീറ്റിലധികം ബിജെപിയ്ക്ക് കിട്ടില്ലെന്ന് അഖിലേഷ് യാദവ് എണ്ണമെടുത്ത് പറയുന്നതും നാല് ഘട്ടത്തെ വോട്ടിംഗ് പിന്നിട്ടതിന് ശേഷമാണ്. കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്ന് കണ്ടു, പറഞ്ഞത് മാറ്റിപ്പറഞ്ഞും പുത്തന്‍ തന്ത്രം മെനഞ്ഞും എങ്ങനേയും പിടിച്ചു നില്‍ക്കാല്‍ ഗുരുദ്വാരകളില്‍ പോയി അനുഷ്ഠാനങ്ങളും ഗംഗയില്‍ മുങ്ങലുമെല്ലാമായി രാജ്യത്തിന്റെ പ്രധാനമന്ത്രി ഗിമ്മിക്കുകളുടെ ഒറ്റമുഖമായി മാറുകയാണ്.

Read more