'വര്‍ഗീയ ടീച്ചറമ്മ', ശശികല ടീച്ചറേതാ, ഷൈലജ ടീച്ചറേതായെന്ന് മനസിലാകുന്നില്ല; വടകരയിലെ ''കാഫിര്‍' പരാമര്‍ശത്തില്‍ ആഞ്ഞടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. ഷൈലജയെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ പി.കെ. ശശികലയുമായി താരതമ്യപ്പെടുത്തിയാണ് പരിഹാസം.

ശശികല ടീച്ചറേതാ, ഷൈലജ ടീച്ചറേതായെന്ന് മനസിലാകുന്നില്ലെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ടീച്ചറുമ്മാരുടെ ആരാധാകരെയും തരംതിരിച്ചറിയാന്‍ പറ്റാതായി. ‘വര്‍ഗീയ ടീച്ചറമ്മ’ എന്നും രാഹുല്‍ കുറിച്ചു.

യു.ഡി.എഫ് തനിക്കെതിരെ തരം താഴ്ന്ന പ്രചാരണം നടത്തിയതെന്ന് ഷൈലജ ാരോപിച്ചിരുന്നു. വടകരയിലെ സൈബര്‍ കേസുകളില്‍ അന്വേഷണം തുടരണം. വടകരയില്‍ ജയിക്കുമെന്നാണ് പ്രതീക്ഷ. വടകരയിലെ കാഫിര്‍ പരാമര്‍ശ പോസ്റ്റ് യു.ഡി.എഫ് നിര്‍മിതമെന്നാണ് തന്റെ ബോധ്യം. വ്യാജം ആണെങ്കില്‍ യു.ഡി.എഫ് തെളിയിക്കട്ടെ. തോല്‍വി മുന്നില്‍ കണ്ടാണ് ഇത്തരം പ്രചരണം നടത്തുന്നതെന്നും കെ.കെ. ശൈലജ ആരോപിച്ചു.

എനിക്ക് കിട്ടിയ പേജിന്റെ സ്‌ക്രീന്‍ഷോട്ട് കൈവശമുണ്ട്. അതില്‍നിന്ന് മനസിലാകുന്നത് അവരുടെ പ്രവര്‍ത്തകരുടെ പേജില്‍നിന്നാണ് വന്നതെന്നാണ്. അത് വ്യാജമാണെന്ന് ഷാഫി പറയുന്നതു കേട്ടു. അങ്ങനെയെങ്കില്‍ അവരത് തെളിയിക്കട്ടെയെന്ന് ശൈലജ പറഞ്ഞു.

‘കാഫിറിന് വോട്ടു ചെയ്യരുത്’ എന്ന രീതിയില്‍ കെ.കെ.ശൈലജക്കെതിരെ പ്രചരിച്ച പോസ്റ്റാണ് വിവാദമായത്. അത് വ്യാജമായി സൃഷ്ടിച്ച സ്‌ക്രീന്‍ഷോട്ടാണെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ എം.എല്‍.എ പ്രതികരിച്ചിരുന്നു.