തൃശൂർ വെള്ളാനിക്കര സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ

മണ്ണുത്തി കാർഷിക ക്യാമ്പസിനകത്ത് പ്രവർത്തിക്കുന്ന വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിലെ രണ്ട് സുരക്ഷാ ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളരിക്കര സ്വദേശികളായ താൽക്കാലിക ജീവനക്കാർ കുണ്ടുകാട്ടിൽ അരവിന്ദാക്ഷൻ (70), തൈക്കാട്ടിൽ ആന്റണി (69) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.

ആന്റണിയുടെ മൃതദേഹം തലക്ക് അടിയേറ്റ് ചോര വാർന്ന നിലയിലായിരുന്നു. അരവിന്ദാക്ഷന്റെ മൃതദേഹം ബാങ്കിന് പുറകിലെ കാനയിൽ നിന്ന് കണ്ടെത്തിയത്. അരവിന്ദക്ഷന്റെ മൃതദേഹത്തിന് സമീപത്ത് നിന്ന് വിഷക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. ഇതാണ് കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന പ്രാഥമിക നി​ഗമനത്തിലേക്ക് പൊലീസ് എത്തിയത്.

രാവിലെ ഏഴ് മണിക്ക് ബാങ്ക് തുറക്കാൻ എത്തിയ ജീവനക്കാരാണ് ഷട്ടറിനു മുന്നിൽ മരിച്ച നിലയിൽ ആന്റണിയെ കണ്ടെത്തിയത്. തലയിൽ മാരകമായ മുറിവുകളോടെയാണ് ആന്റണിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ 100 മീറ്റർ അകലെ നീർച്ചാലിൽ അരവിന്ദാക്ഷന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.

അരവിന്ദക്ഷൻ മൂന്ന് വർഷമായി ബാങ്കിന്റെ സെക്യൂരിറ്റി ആണ്. ബാങ്കിലെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ആന്റണിയെ കൂടി സെക്യൂരിറ്റിയായി നിയോഗിച്ചത്. പണികൾ പൂർത്തിയായതിനാൽ ജോലിയുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് സംഭവം. ജോലി സ്ഥിരത സംബന്ധിച്ച് ഇരുവർക്കും ഇടയിൽ തർക്കം നിലനിന്നിരുന്നതായി പറയപ്പെടുന്നു.