അത് ഞാൻ ഭാവനയോട് ചെയ്തിട്ടുള്ള അപരാധം, അതിന് ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്: കമൽ

മലയാള സിനിമയ്ക്ക് ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് കമൽ. 1986-ൽ പുറത്തിറങ്ങിയ ‘മിഴിനീർപൂക്കൾ’ എന്ന ചിത്രത്തിലൂടെയാണ് കമൽ സംവിധാനം രംഗത്തേക്ക് എത്തിയത്. കാക്കോത്തി കാവിലെ അപ്പൂപ്പൻ താടികൾ, ഉണ്ണികളേ ഒരു കഥ പറയാം, ഉള്ളടക്കം, മഴയെത്തും മുൻപെ, നിറം, മധുരനൊമ്പരക്കാറ്റ്, നമ്മൾ, പെരുമഴക്കാലം, കറുത്ത പക്ഷികൾ, സെല്ലുലോയ്ഡ് ഇതെല്ലാം കമലിന്റെ മികച്ച സിനിമകളാണ്.

യുവതാരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി കമൽ സംവിധാനം ചെയ്ത് 2002-ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘നമ്മൾ’. ജിഷ്ണു രാഘവൻ, സിദ്ധാർത്ഥ് ഭരതൻ, രേണുക, ഭാവന, ഇന്നസെന്റ്, സുഹാസിനി, ബാലചന്ദ്ര മേനോൻ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. ഭവനയുടെയും, സിദ്ധാർത്ഥിന്റെയും അരങ്ങേറ്റ ചിത്രം കൂടിയായയിരുന്നു നമ്മൾ.

ഇപ്പോഴിതാ നമ്മൾ എന്ന ചിത്രത്തിൽ ഭാവനയെ കറുപ്പ് നിറം നൽകി അഭിനയിപ്പിച്ചതിൽ തനിക്ക് തെറ്റുപറ്റിയെന്നാണ് കമൽ പറയുന്നത്. അതൊരു അപരാധമായിരുന്നെന്നും, ഇന്ന് അതിനെ കുറേ ആളുകൾ ട്രോൾ ചെയ്യുന്നുണ്ടെന്നും കമൽ പറയുന്നു.

“ഞാൻ അടക്കം ചെയ്‌തിട്ടുള്ള ഒരു അപരാധമാണത്. ഇന്ന് ചിലർ അത് ട്രോൾ ചെയ്യുന്നുമുണ്ട്. ഭാവന ആദ്യമായി സിനിമയിൽ വരുന്നത് ഞാൻ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ്. ആ ചിത്രത്തിൽ പരിമളം എന്ന തമിഴ് പെൺകുട്ടിയായിട്ടാണ് ഭാവന അഭിനയിച്ചത്.

ആ പടത്തിനായി വെളുത്ത് തുടുത്ത് നല്ല സുന്ദരിയായ ഭാവനയെ ഞാൻ കറുപ്പൊക്കെ അടിപ്പിച്ച് അങ്ങനെ വേഷം കെട്ടിപ്പിച്ചാണ് അഭിനയിപ്പിച്ചത്. അതിന് ഒരുപാട് പഴി പോലും കേൾക്കേണ്ടി വന്നിട്ടുണ്ട്.

അതുകൊണ്ട് സെല്ലുലോയ്‌ഡിൻ്റെ ഷൂട്ടിൻ്റെ സമയത്ത് എല്ലാവരും പറഞ്ഞിരുന്നു റിയലായിട്ട് നമുക്ക് തോന്നുന്ന രീതിയിൽ റോയായിട്ട് വന്ന ഒരു പെൺകുട്ടിയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന്. അത് അതിന്റെ ഒരു പ്രത്യേകതയായിരുന്നു എന്നൊക്കെ പറഞ്ഞിരുന്നു.” എന്നാണ് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ കമൽ പറഞ്ഞത്.