ചരിത്രനേട്ടവുമായി കൊച്ചി വാട്ടര്‍ മെട്രോ; ഒരു വര്‍ഷം കൊണ്ട് 20 ലക്ഷം യാത്രക്കാര്‍; 10 ടെര്‍മിനലുകളിലായി ആറു റൂട്ടിലേക്ക് സര്‍വീസുകള്‍

ഒരു വര്‍ഷം കൊണ്ട് 20 ലക്ഷം യാത്രക്കാര്‍ എന്ന ചരിത്രനേട്ടവുമായി കൊച്ചി വാട്ടര്‍ മെട്രോ. പൊതുഗതാഗത മേഖലയിലെ നാഴികക്കല്ലായി മാറിയ വാട്ടര്‍മെട്രോ വിനോദസഞ്ചാരികള്‍ക്ക് പുറമെ കൊച്ചിക്കാര്‍ക്കും ഏറെ സഹായകമായിട്ടുണ്ടെന്നാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് സൂചിപ്പിക്കുന്നത്. യാത്രാസമയത്തില്‍ ഉണ്ടാകുന്ന ഗണ്യമായ കുറവും മികച്ച സൗകര്യങ്ങളും വാട്ടര്‍മെട്രോയ്ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിപ്പിക്കുന്നു.

കഴിഞ്ഞ ദിവസമാണ് വാട്ടര്‍ മെട്രോയുടെ ഫോര്‍ട്ട് കൊച്ചിയിലെ പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനക്ഷമമായത്. കഴിഞ്ഞ മാസം 4 പുതിയ ടെര്‍മിനലുകളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഇതോടെ 10 ടെര്‍മിനലുകളിലായി 6 റൂട്ടിലേക്ക് കൊച്ചി വാട്ടര്‍ മെട്രോ വളര്‍ന്നിരിക്കുകയാണ്. വാട്ടര്‍മെട്രോയുടെ വളര്‍ച്ച കൊച്ചിയിലേക്ക് നിരവധി ടൂറിസ്റ്റുകളെയാണ് ആകര്‍ഷിക്കുന്നത്.

ഇന്ത്യയിലെ തന്നെ ആദ്യ വാട്ടര്‍മെട്രോയിലേക്ക് വരുന്ന വ്‌ലോഗര്‍മാരുടെ എണ്ണവും ഏറെയാണ്. പരിസ്ഥിതി സൗഹൃദമായ എന്നാല്‍ അന്താരാഷ്ട്ര നിലവാരം കാത്തുസൂക്ഷിക്കുന്ന ഈ കേരള മോഡല്‍ യൂണിയന്‍ ഗവണ്മെന്റ് പോലും പരസ്യങ്ങളില്‍ ഉപയോഗിക്കുന്നത് ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ രാജ്യം ഏറ്റെടുക്കും എന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.