അച്ഛന്‍ എടാ കിഴങ്ങാ, ഇവന് ആ കൃഷിയല്ലടാ പെണ്ണുങ്ങളുടെ കൃഷിയാണ് എന്ന് ചേട്ടനോട് പറഞ്ഞു: ധ്യാന്‍ ശ്രീനിവാസന്‍

കോളേജില്‍ പഠിക്കുന്ന സമയത്ത് തനിക്ക് ധാരാളം കാമുകിമാരുണ്ടായിരുന്നെന്നും അതിന് അച്ഛന്‍ വഴക്ക് പറഞ്ഞിട്ടുണ്ടെന്നും നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ബിഹൈന്റ്വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

പുള്ളി വഴക്ക് പറയുമ്പോള്‍ നമ്മളെ അടിച്ച് താഴ്ത്തി കളയും. എനിക്കിപ്പോഴും ഓര്‍മ്മയുള്ള ഒരു സംഭവമുണ്ട്. കോളേജില്‍ പഠിക്കുന്ന സമയത്ത് എനിക്ക് ഏഴോ എട്ടോ കാമുകിമാരുണ്ടായിരുന്നു. ഞാന്‍ ബൈക്കില്‍ പെണ്‍പിള്ളേരുമായി കറങ്ങുന്നതൊക്കെ ചെന്നൈയില്‍ എവിടെന്നെങ്കിലും അച്ഛന്‍ കണ്ടിട്ടുണ്ടാവും എന്ന് എനിക്ക് സംശയമുണ്ട്,” ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

”ഒരു തവണ ഇതിന് എന്നെ അച്ഛന്‍ വഴക്ക് പറഞ്ഞ് കൊണ്ടിരിക്കുകയാണ്. വിനീത് ചേട്ടന്റെ മുമ്പില്‍ വെച്ചാണ് ചീത്ത പറയുന്നത്. ഭയങ്കരമായി ചീത്ത പറഞ്ഞ് കൊണ്ടിരിക്കുകയാണ്. അച്ഛന്‍ ഇവന് കൃഷിയായിരുന്നു കൃഷി എന്ന് ചേട്ടനോട് പറഞ്ഞു.

ഇത് കേട്ടപ്പോള്‍ ചേട്ടന്‍ എന്നെ നോക്കിയിട്ട് കൃഷിയില്‍ നിനക്ക് താല്‍പര്യമുണ്ടോ എന്ന് എന്നോട് ചോദിച്ചു. ഞാന്‍ അതെ എന്ന് കാണിക്കുകയും ചെയ്തു. അപ്പോള്‍ അച്ഛന്‍ എടാ കിഴങ്ങാ, ആ കൃഷിയല്ലടാ പെണ്ണുങ്ങളുടെ കൃഷിയാണ് എന്ന് ചേട്ടനോട് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ പെണ്ണുങ്ങളുടെ കൃഷി നിര്‍ത്തി, ശരിക്കുമുള്ള കൃഷിയിലോട്ട് താല്‍പര്യം വന്ന് തുടങ്ങിയിട്ടുണ്ട്,” ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.