ആര്യന്‍ ഖാന്‍ സംവിധായകനാകുന്നു; നിര്‍മ്മാണം ഷാരൂഖ്

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധായകനാകുന്നു. ഒരു വെബ് സീരിസും ഒരു ഫീച്ചര്‍ സിനിമയുമാണ് ആര്യന്‍ ഖാന്‍ സംവിധാനം ചെയ്യുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആര്യന്‍ ഖാന്‍ പരീക്ഷണാര്‍ത്ഥം വെബ് സീരീസിന്റെ ചിത്രീകരണം നടത്തിയതായും പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ആര്യന്‍ ടെസ്റ്റ് ഷൂട്ട് നടത്തിയത്. അണിയറപ്രവര്‍ത്തകരെ എല്ലാവരെയും ഒന്നിച്ച് കൊണ്ടുവരുകയും യഥാര്‍ത്ഥ ചിത്രീകരണത്തിന് മുന്‍പ് സിനിമയെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടാക്കുകയുമാണ് ആര്യന്റെ ലക്ഷ്യം.

ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റാണ് ആര്യന്റെ സംവിധാന സംരംഭം നിര്‍മ്മിക്കുന്നത്. പ്രിത കമാനിയും ചിത്രത്തിന്റെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മുംബൈ തീരത്ത് കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലില്‍ നടന്ന പാര്‍ട്ടിക്കിടയിലായിരുന്നു അറസ്റ്റ്.

എന്‍സിബിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ആര്യനെയും മറ്റ് ഏഴ് പേരെയും കസ്റ്റഡിയില്‍ എടുത്തു. പിന്നാലെ അറസ്റ്റും രേഖപ്പെടുത്തി. ഒരുമാസത്തെ ജയില്‍ വാസത്തിന് ശേഷം ആര്യന് ജാമ്യവും ലഭിച്ചു. ഷാരൂഖിന്റെ അടുത്ത സുഹൃത്ത് കൂടിയായ ജൂഹി ചൗളയാണ് കേസില്‍ ആര്യന്‍ ഖാന് കോടതിയില്‍ ജാമ്യം നിന്നത്.