കാഞ്ചീവരം എന്ന പേരിലുളള തന്റെ ബുട്ടീക്കിന്റെ ഇൻസ്റ്റഗ്രാം പേജിന്റെ വ്യാജ പതിപ്പുകൾ നിർമ്മിച്ച് വമ്പൻ തട്ടിപ്പ് നടന്നെന്ന പരാതിയുമായി നടി ആര്യ. പതിനായിരത്തിലധികം വിലയുളള സാരികൾക്ക് ആയിരമോ രണ്ടായിരമോ വില പ്രദർശിപ്പിച്ചാണ് തട്ടിപ്പെന്നും ആര്യ പറഞ്ഞു. സംഭവത്തിൽ താരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബിഹാറിൽനിന്നുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. 15,000 രൂപയുടെ സാരി 1900 രൂപയ്ക്ക് നൽകാമെന്ന് പരസ്യം നൽകിയാണ് പലരിൽ നിന്നുമായി ഇവർ പണം തട്ടിയെടുത്തത്.
തട്ടിപ്പിലൂടെ നിരവധി പേർക്ക് പണം നഷ്ടമായിട്ടുണ്ടെന്നാണ് വിവരം. തട്ടിപ്പിന് ഇരയായ ആൾ പറഞ്ഞപ്പോഴാണ് നടി ഇതേ കുറിച്ച് അറിയുന്നത്. പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു. തട്ടിപ്പിന് ഇരയായതായി നിരവധി പേർ തന്നെ ദിവസേനെ വിളിച്ച് പരാതി പറയുന്നതായി ആര്യ പറഞ്ഞു. കാഞ്ചീവരം’ എന്ന പേരിലുള്ള റീട്ടെെൽ ഷോപ്പിന്റെ ഇൻസ്റ്റഗ്രാം പേജിന്റെ വ്യാജപേജുകൾ നിർമ്മിച്ചായിരുന്നു തട്ടിപ്പിന് തുടക്കമിട്ടത്.
പേജിലെ വീഡിയോകളും ചിത്രങ്ങളും എഡിറ്റ് ചെയ്താണ് ഈ പേജിലും പങ്കുവച്ചത്. ബന്ധപ്പെടാനായി ഫോൺ നമ്പറും ഉണ്ടാകും. ഇതിൽ വിളിച്ചാൽ ക്യുആർകോഡ് അയച്ചുകൊടുക്കും. പണം കിട്ടിയതിന് പിന്നാലെ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്യും. ഇതായിരുന്നു തട്ടിപ്പ് സംഘത്തിന്റെ രീതി. പണം നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും വസ്ത്രം പറഞ്ഞ സമയത്ത് ലഭിക്കാതെ വന്നപ്പോഴാണ് പലരും തട്ടിപ്പിനിരയായി എന്ന് മനസ്സിലാകുന്നത്.
Read more
അതേസമയം പതിനഞ്ചോളം പേജുകൾ ഇതുവരെ റിപ്പോർട്ട് ചെയ്ത് പൂട്ടിച്ചിട്ടുണ്ട്. എന്നാൽ ഇതേസമയം തന്നെ പത്തോളം പേജുകൾ തട്ടിപ്പുകാർ വീണ്ടും തുടങ്ങി. ഉത്തരേന്ത്യയിൽ നിന്നുള്ള വൻ സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പൊലീസ് പറയുന്നതെന്ന് ആര്യ പറഞ്ഞു.