'റഹമാന്‍ ആദ്യം നിരസിച്ചു, ബുദ്ധിമുട്ടേറിയ നിബന്ധനകള്‍ അംഗീകരിച്ചു കൊണ്ടുവന്നു'; ആറാട്ടില്‍ എ.ആര്‍ റഹമാന്‍ എത്തുന്നതിനെ കുറിച്ച് ബി. ഉണ്ണികൃഷ്ണന്‍

ആറാട്ട് സിനിമയില്‍ മോഹന്‍ലാലിനൊപ്പം എ.ആര്‍ റഹമാനും അഭിനയിക്കുന്നുണ്ടെന്ന വിവരം വെളിപ്പെടുത്തി സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. അഭിനയിക്കാന്‍ ആദ്യം നിരസിച്ച റഹമാനെ എങ്ങനെയാണ് ചിത്രത്തിലേക്ക് എത്തിച്ചത് എന്നാണ് ക്ലബ് ഹൗസില്‍ നടന്ന ചര്‍ച്ചക്കിടെ സംവിധായകന്‍ വ്യക്തമാക്കിയത്.

തിരക്കഥാകൃത്ത് ഉദയ കൃഷ്ണന് തുടക്കം മുതല്‍ തന്നെ നിര്‍ബന്ധമുള്ള കാര്യമായിരുന്നു ക്ലൈമാക്സിലെ എ.ആര്‍ റഹമാന്റെ സാന്നിദ്ധ്യം. ഇത് അസാദ്ധ്യമായ കാര്യമാണെന്ന് താന്‍ പറഞ്ഞിരുന്നു. എ.ആര്‍ റഹമാന്‍ നമുക്ക് പെട്ടെന്ന് പോയി കാണാന്‍ പറ്റുന്ന ആളല്ല എന്നതാണ് ഒന്നാമത്തെ കാര്യം. മറ്റൊരു കാര്യം അദ്ദേഹം ഏറെ ഷൈ ആയ ഒരു വ്യക്തിയാണ്.

റഹമാനെ അഭിനയിപ്പിക്കാന്‍ വലിയ സംവിധായകര്‍ വരെ ശ്രമിച്ചിച്ചിട്ട് നടന്നിട്ടില്ല. എന്നാല്‍ ഉദയ അതില്‍ തന്നെ ഉറച്ചു നിന്നു. നടന്‍ റഹമാന്റെ ഭാര്യയുടെ സഹോദരിയാണ് എ.ആര്‍ റഹമാന്റെ ഭാര്യ. റഹമാന്‍ തന്റെ അടുത്ത സുഹൃത്തും. റഹമാനോട് കാര്യം പറഞ്ഞപ്പോള്‍ സിനിമയുടെയും എ.ആര്‍ റഹമാന്റെ ഭാഗത്തിന്റെയും ചുരുക്കരൂപം അയക്കാന്‍ പറഞ്ഞു.

അത് അയച്ച ശേഷം ഷൂട്ടിംഗ് തുടങ്ങി. തങ്ങളുടെ റിക്വസ്റ്റ് എ.ആര്‍ റഹമാന്‍ നിരസിച്ചു. ഒരിക്കല്‍ കൂടി ശ്രമിച്ചപ്പോള്‍ എ.ആര്‍ റഹമാനുമായി ഒരു ഓണ്‍ലൈന്‍ മീറ്റിംഗിന് അവസരം കിട്ടി. കാര്യങ്ങളൊക്കെ പറഞ്ഞപ്പോള്‍ അദ്ദേഹം വലിയ മോഹന്‍ലാല്‍ ഫാനാണെന്നും അഭിനേതാവെന്ന നിലയില്‍ ലാല്‍ സാറിനോട് വലിയ ബഹുമാനമാവും ആരാധനയുമാണെന്നും പറഞ്ഞു.

Read more

അദ്ദേഹത്തിന്റെ പരിപാടികളും വര്‍ക്കുകളുമെല്ലാം തീരുമാനിക്കുന്നത് രണ്ട് വലിയ കമ്പനികളാണ്. അവരുടെ ബുദ്ധിമുട്ടേറിയ നിബന്ധനകളും പൂര്‍ത്തിയാക്കി. അതെല്ലാം പൂര്‍ത്തിയാക്കി ആറാട്ടില്‍ എ.ആര്‍ റഹമാനെ കൊണ്ടുവരാന്‍ സാധിച്ചു. ലാല്‍ സാറും എ.ആര്‍ റഹമാനും തമ്മിലുള്ള ഒരു കെമിസ്ട്രിയെല്ലാം ആറാട്ടില്‍ കാണാന്‍ സാധിക്കും എന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.