കൂടുതല്‍ സിനിമകള്‍ ചെയ്യാത്തതിന് ഒരു കാരണമുണ്ട്: തുറന്നു പറഞ്ഞ് ആന്റണി വര്‍ഗീസ്

അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളത്തില്‍ പേരെടുത്ത നടനാണ് ആന്റണി വര്‍ഗീസ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയില്‍ മികച്ച പ്രകടനം നടത്തികൊണ്ടാണ് നടന്‍ വരവറിയിച്ചത്. അങ്കമാലിക്ക് പിന്നാലെ ഇറങ്ങിയ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, ജല്ലിക്കട്ട് തുടങ്ങിയ സിനിമകളും ആന്റണിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജല്ലിക്കട്ടിന് ശേഷം കൈനിറയെ ചിത്രങ്ങളാണ് നടന്റേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ വളരെ സെലക്ടീവായാണ് ആന്റണി സിനിമകളെ സമീപിക്കുന്നത്. അതിന്റെ കാരണം ആന്റണി തന്നെ പറയുന്നു.

“ആദ്യത്തെ മൂന്ന് സിനിമകളും ലിജോ ചേട്ടനൊപ്പം ചെയ്തത് തീര്‍ത്തും അവിചാരിതമായി സംഭവിച്ചതാണ്. പലരും പറയുന്നത് എനിക്ക് ലിജോ ചേട്ടനുമായി കോണ്‍ട്രാക്ട് ഉണ്ടെന്നൊക്കെയാണ്. അങ്കമാലി ഡയറീസിന് ശേഷം ഞാന്‍ നൂറോളം തിരക്കഥകള്‍ കേട്ടെന്ന് വരെ പലരും പ്രചരിപ്പിച്ചു. കുറച്ചധികം തിരക്കഥകള്‍ കേട്ടു എന്നത് സത്യമാണ്. ഒരു നടന്‍ എന്ന നിലയില്‍ കൂടുതല്‍ തിരക്കഥകള്‍ കേള്‍ക്കുന്നത് വളരെ സന്തോഷമുള്ള കാര്യമല്ലേ. അതില്‍ നിന്നല്ലേ മികച്ചത് ലഭിക്കുന്നത്. എനിക്ക് ചെയ്യാന്‍ കഴിയുന്ന കഥാപാത്രങ്ങളല്ലേ തിരഞ്ഞെടുക്കാന്‍ കഴിയൂ. എനിക്ക് ഇണങ്ങാത്ത കഥാപാത്രങ്ങള്‍ ചെയ്ത് എന്തിനാണ് ഒരു സിനിമ നശിപ്പിക്കുന്നത്. അതിന് താത്പര്യമില്ലാത്തതുകൊണ്ടാണ് കൂടുതല്‍ സിനിമകള്‍ ചെയ്യാത്തത്.”

“ഒരുപാട് അവാര്‍ഡുകള്‍ ഇതിനോടകം ലഭിച്ചു കഴിഞ്ഞു. ഏഷ്യ വിഷന്‍, ഏഷ്യാനെറ്റ്, സൗത്ത് ഇന്ത്യന്‍ ഫിലിം ഫെയര്‍, സൈമ തുടങ്ങിയ അവാര്‍ഡുകള്‍ ലഭിച്ചു. സ്റ്റേജില്‍ കയറുമ്പോള്‍ കിട്ടുന്ന കൈയടിയും ബഹളവുമെല്ലാം ശരിക്കും വലിയ ഊര്‍ജമാണ് നല്‍കുന്നത്. ശരീരത്തിലേക്ക് ഒരു പ്രത്യേക ഊര്‍ജം പ്രവേശിക്കുന്നത് പോലെ.” കൗമുദിയുമായുള്ള അഭിമുഖത്തില്‍ ആന്റണി വര്‍ഗീസ് പറഞ്ഞു.