സിനിമയിൽ ഇരുപത്തിനാല് വർഷങ്ങൾ പൂർത്തിയാക്കുകയാണ് തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുൻ. മലയാളത്തിലും താരത്തിന് നിറയെ ആരാധകരുണ്ട്. 2006- ൽ ആര്യ എന്ന ചിത്രം മൊഴിമാറ്റി എത്തിയതോടെയാണ് അല്ലുവിന് മലയാളത്തിൽ ആരാധകർ ഉണ്ടായിതുടങ്ങുന്നത്. സുകുമാർ സംവിധാനം ചെയ്ത ‘പുഷ്പ’യിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കാനും അല്ലു അർജുന് സാധിച്ചിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുകയാണ്. വമ്പൻ ബഡ്ജറ്റിലാണ് ചിത്രമെത്തുന്നത്.
ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് അല്ലു അർജുൻ. ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും തന്നെ തേടി വന്നില്ലെന്നാണ് അല്ലു അർജുൻ പറയുന്നത്.
“എന്റെ ആദ്യസിനിമ ഗംഗോത്രി ഹിറ്റായിരുന്നു. പക്ഷേ കാണാൻ അത്ര ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും എന്നെ തേടി വന്നില്ല. ആ ചിത്രം ഒരു ബ്ലോക്ക്ബസ്റ്റർ ആയിരുന്നെങ്കിലും ഒരു കലാകാരനെന്ന നിലയിൽ സ്വയം അടയാളപ്പെടുത്താൻ കഴിയാതിരുന്നത് എൻ്റെ പരാജയമാണ്. ഗംഗോത്രി റിലീസിന് ശേഷം ഹൈദരാബാദിലെ ആർ.ടി.സി ക്രോസ് റോഡിൽ പുതിയ സിനിമകളും കണ്ട് കറങ്ങിനടക്കും. ഇതിനിടയിൽ തിരക്കഥകൾ കേൾക്കുന്നുണ്ടായിരുന്നെങ്കിലും ഒന്നും ശരിയായില്ല.
ഒരു മാസത്തിനുശേഷം നടനും സുഹൃത്തുമായ തരുണിനൊപ്പം ദിൽ എന്ന നിതിൻ നായകനായ ചിത്രം കാണാൻ പോയിരുന്നു. അവിടെവെച്ചാണ് സുകുമാർ എന്ന നവാഗത സംവിധായകൻ ആര്യ എന്ന ചിത്രത്തിനായി എന്നെ സമീപിച്ചത്. ആര്യ സുകുമാറിന്റെ ആദ്യചിത്രമായിരുന്നെങ്കിലും ആ തിരക്കഥയിൽ അദ്ദേഹം എഴുതിവെച്ചിരിക്കുന്നത് എന്നെ വല്ലാതെ ആകർഷിച്ചു. അമ്മാവനായ ചിരഞ്ജീവിയും ആ തിരക്കഥ കേട്ടിരുന്നു.
ആര്യയുടെ 125-ാം ദിനാഘോഷവേളയിൽ ചിരഞ്ജീവിയിൽനിന്ന് ആദരമേറ്റുവാങ്ങാനുമായി. രവി തേജ നായകനായ ഇഡിയറ്റ് എന്ന ചിത്രം കണ്ടപ്പോൾ അതുപോലൊന്ന് ചെയ്യണമെന്ന് വളരെയേറെ ആഗ്രഹിച്ചിരുന്നു. ‘എന്റെ ഇഡിയറ്റാ’ണ് ആര്യ. നന്നായി നൃത്തം ചെയ്യാനാവുമെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു. അത് തെളിയിക്കാൻ ഒരവസരമാണ് വേണ്ടിയിരുന്നത്. തകധിമി തോം എന്ന ഗാനത്തിലൂടെ അത് ഞാൻ തെളിയിച്ചു.” എന്നാണ് ആര്യ സിനിമയുടെ ഇരുപതാം വാർഷികാഘോഷത്തിനിടെ അല്ലു അർജുൻ പറഞ്ഞത്.
2024 ഓഗസ്റ്റ് 15 നാണ് ‘പുഷ്പ: ദ റൂള്‍’ വേൾഡ് വൈഡ് റിലീസായെത്തുന്നത്. ഫഹദ് ഫാസിലും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന പൊലീസ് കഥാപാത്രമായാണ് ഫഹദ് ചിത്രത്തില്‍ വേഷമിടുന്നത്. അല്ലു അര്‍ജുന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി കൊടുത്ത പുഷ്പരാജ് എന്ന കഥപാത്രത്തിന്റെ രണ്ടാംവരവ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാണുന്നത്.
Read more
മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ദേവിശ്രീ പ്രസാദാണ്. 2021 ഡിസംബര്‍ 17ന് ആയിരുന്നു പുഷ്പ: ദി റൈസ് എന്ന ആദ്യ ഭാഗം റിലീസ് ചെയ്തത്.