'ഒരിക്കലും എൻജോയ് ചെയ്ത് ചെയ്ത ചിത്രമായിരുന്നില്ല അത്, പിന്നീട് കുറച്ച് കാലം ഞാൻ കോടതി കയറിയിറങ്ങണ്ട അവസ്ഥയായിരുന്നു'; ഹിറ്റ് ചിത്രത്തിൻ്റെ പിന്നാമ്പുറ കഥകൾ പറഞ്ഞ് സംവിധായകൻ

മലയാള സിനിമയിലെ എവര്‍ഗ്രീന്‍ ഹിറ്റാണ് സിദ്ദിഖ്- ലാൽ കൂട്ടുകെട്ടിൽ പിറന്ന ഗോഡ്ഫാദര്‍. മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസം തിയേറ്ററിലോടിയ ചിത്രത്തിന്റെ റീലിസ് വരെ അത്ര സു​ഗമമായിരുന്നില്ലെന്ന് പറയുകയാണ് സംവിധായകനായ സിദ്ദ്ഖ്. സഫാരി ടിവിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ചിത്രത്തിന്റെ പിന്നാമ്പുറ കഥകളെ കുറിച്ച് മനസ്സ് തുറന്നത്.

ഒരിക്കലും എൻജോയ് ചെയ്ത് ഷൂട്ട് ചെയ്ത ചിത്രമായിരുന്നില്ല ​ഗോഡ്ഫാദർ. സിനിമയുടെ റീലിസ് സമയത്ത് വരെ ടെൻഷനായിരുന്നു. സിനിമ റീലിസ് ചെയ്യാൻ ഡേറ്റ് എടുത്തു കഴിഞ്ഞപ്പോഴാണ് ചിത്രത്തിന് നേരെ കോട്ടയത്തുള്ള ഒരു സാഹിത്യക്കാരന്റെ കുടുംബം കേസ് കൊടുക്കുന്നത്. അദ്ദേഹത്തിന്റെ പഴയ ഒരു കഥയുടെ മോഷണമാണ് ഗോഡ്ഫാദര്‍ എന്നായിരുന്നു അവർ കേസ് കൊടുത്തത്.

അവസാന നിമിഷമാണ് കേസ് വരുന്ന കാര്യം തങ്ങൾ അറിഞ്ഞതെന്നും, പിന്നീട് കുറച്ച് കാലം കോടതി കയറിയിറങ്ങിയെന്നും  അദ്ദേഹം പറഞ്ഞു. അവസാനം കോടതിയിൽ പണം കെട്ടിവെച്ചതിനു ശേഷമാണ് സിനിമ റിലീസ് ചെയ്തത്. ആരോ തെറ്റിദ്ധരിപ്പിച്ചതിന്റെ പേരിലായിരുന്നു അന്ന് അവർ കേസ് കൊടുത്തത്.

പിന്നീട് കുറച്ച് കാലം താൻ കോടതി കയറി ഇറങ്ങേണ്ട സ്ഥിതി വന്നു. രാവിലെ പോയി മൊഴി കൊടുത്തിട്ടാണ് പിന്നീട് അടുത്ത സിനിമയുടെ സെറ്റിലേയ്ക്ക് പോയിരുന്നത്. അവസാനം ആ കേസ് തള്ളി പോകുകയും ചെയ്തു. പക്ഷേ സിനിമ ഹിറ്റ് ആയതോടെ അതുവരെ അനുഭവിച്ച എല്ലാ വിഷമങ്ങളും ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. ഇന്നും മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസം തിയേറ്ററിലോടിയ ചിത്രമാണ് ഗോഡ്ഫാദറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു