വർഷങ്ങൾക്ക് ശേഷം കമൽഹാസനും മണിരത്‌നവും ഒന്നിച്ച ചിത്രമായിരുന്നു ‘തഗ് ലൈഫ്’. ഏറെ പ്രതീക്ഷകളുമായാണ് തിയേറ്ററുകളിൽ ചിത്രം എത്തിയതെങ്കിലും പ്രതീക്ഷിച്ച രീതിയിൽ പ്രേക്ഷകർ ഏറ്റെടുത്തില്ല. ഇപ്പോഴിതാ ബോക്സ് ഓഫീസിലെ പരാജയം മൂലം സിനിമ ഒടിടിയിൽ നിശ്ചയിച്ച തീയതിക്കും മുൻപേ തന്നെ റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകൾ ആണ് എത്തുന്നത്.
ചിത്രം പുറത്തിറങ്ങി എട്ട് ആഴ്ചകൾക്ക് ശേഷമായിരുന്നു നേരത്തെ ഒടിടി റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ ചിത്രം ജൂലൈ മൂന്നിന് പുറത്തിറങ്ങുമെന്ന റിപ്പോർട്ടുകൾ ആണ് വരുന്നത്. അങ്ങനെയെങ്കിൽ പുറത്തിറങ്ങി 28-ാം ദിവസം ചിത്രം ഒടിടിയിലെത്തും. നെറ്റ്ഫ്ലിക്സിലൂടെയാണ് തഗ് ലൈഫ് സ്ട്രീം ചെയ്യാനൊരുങ്ങുന്നത്. തമിഴ്, തെലുങ്ക്, മലയാളം വേർഷനുകൾ ആയിരിക്കും ജൂലൈയിൽ ആദ്യം പുറത്തിറങ്ങുക. എട്ട് ആഴ്ചകൾക്ക് ശേഷമായിരിക്കും സിനിമയുടെ ഹിന്ദി പതിപ്പ് ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കുക.
ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെൽവൻ, അലി ഫസൽ, ജിഷു സെൻഗുപ്ത, സാന്യ മൽഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമ നിരാശ സമ്മാനിച്ചതിന്റെ ദുഃഖത്തിലാണ് ആരാധകർ.