ഷാരൂഖും സല്‍മാനും ഒന്നുമല്ല, ബോളിവുഡില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട താരം അദ്ദേഹമാണ്..; രണ്‍ബിര്‍ ചിത്രത്തിന്റെ പ്രമോഷനിടെ രാജമൗലി, ചര്‍ച്ചയാകുന്നു

നിരവധി തവണ റിലീസ് മാറ്റിവച്ച രണ്‍ബിര്‍ കപൂര്‍ ചിത്രം ‘അനിമല്‍’ റിലീസിന് ഒരുങ്ങുകയാണ്. 3 മണിക്കൂറും 21 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഡിസംബര്‍ ഒന്നിന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്നിരുന്നു. പരിപാടിയില്‍ സംവിധായകന്‍ എസ്.എസ് രാജമൗലി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ബോളിവുഡില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ് രണ്‍ബിര്‍ എന്നാണ് രാജമൗലി പറയുന്നത്. ”വളരെ മികച്ച നടനാണ് രണ്‍ബിര്‍. ബോളിവുഡിലെ എനിക്ക് പ്രിയപ്പെട്ട നടന്‍. അത് ഞാന്‍ ഒരു മടിയുമില്ലാതെ പറയും, ബോളിവുഡില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട നടന്‍ രണ്‍ബിര്‍ തന്നെയാണ്.”

”അദ്ദേഹത്തിന്റെ അഭിനയത്തില്‍ ഗാഭീര്യമുണ്ട്, ദുര്‍ബലതയുമുണ്ട്. രണ്‍ബിര്‍ ബോളിവുഡിലെ ഏറ്റവും ടോപ് ഹീറോയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു” എന്നാണ് രാജമൗലി പറയുന്നത്. പിന്നാലെ തന്റെയും സിനിമയും അനിമലിന്റെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയുടെ സിനിമയും ഒന്നിച്ച് വന്നാല്‍ ഏത് തിരഞ്ഞെടുക്കുമെന്നും സംവിധായകന്‍ ചോദിക്കുന്നുണ്ട്.

‘സര്‍ നമുക്ക് ഡബിള്‍ ഷിഫ്റ്റ് ചെയ്യാം’ എന്നാണ് ഇതിന് രണ്‍ബിര്‍ നല്‍കുന്ന മറുപടി. എന്നാല്‍ ഒരാളെ തിരഞ്ഞെടുക്കാന്‍ പറഞ്ഞതോടെ, സന്ദീപ് റെഡ്ഡി വംഗയുടെ സിനിമ തിരഞ്ഞെടുക്കും എന്നാണ് രണ്‍ബിര്‍ നല്‍കുന്ന മറുപടി. ഈ സംഭാഷണത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

അതേസമയം, കബീര്‍ സിംഗ്’ എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് ‘അനിമല്‍’. ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. രണ്‍ബിറിന്റെ പിതാവായി അനില്‍ കപൂര്‍ ആണ് വേഷമിടുന്നത്. രണ്‍ബിറിനും ആരാധകര്‍ക്കും ഏറെ പ്രതീക്ഷയുള്ള ചിത്രമാണിത്.