സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകന്റെ കൈ തട്ടിമാറ്റി കിംഗ് ഖാൻ; കടുത്ത വിമർശനം, വീഡിയോ

സെൽഫിയെടുക്കാൻ ഫോണുമായി അടുത്തെത്തിയ ആരാധകന്റെ കൈ തട്ടിമാറ്റി ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ. മുംബൈയിൽ വിമാനത്താവളത്തിൽ നിന്ന് മാനേജർ ദദ്‌ലാനിക്കൊപ്പം പുറത്തേക്ക് പോകുമ്പോഴാണ് സംഭവമുണ്ടായത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

വിമാനത്താവളത്തിൽ നിന്ന് ഷാരൂഖ് ഖാൻ ആരാധകർക്ക് ഫ്ലയിംഗ് കിസ് കൊടുത്തും കൈവീശിയുമാണ് പുറത്തേക്ക് വന്നത്. എന്നാൽ, ഇതിനിടെ ഒരു ആരാധകൻ അനുവാദമില്ലാതെ സെൽഫി എടുക്കാൻ ശ്രമിക്കുകയും ഷാരൂഖ് ഖാൻ കൈ തട്ടി മാറ്റുകയുമായിരുന്നു. കറുത്ത ടീ ഷർട്ടും ജാക്കറ്റും കൂളിംഗ് ഗ്ലാസും ധരിച്ച് വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് വരുന്ന ഷാരുഖിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

പുറത്തേക്ക് നടന്നുവരുന്ന ഷാരൂഖ് ഫോണുമായി സെൽഫിയെടുക്കാൻ അടുത്തേക്ക് വന്ന ആരാധകന്റെ കൈ തട്ടി മാറ്റുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. ഇതോടെ ഷാരൂഖിനെ അനുകൂലിച്ചും എതിർത്തുമൊക്കെ നിരവധി പേരാണ് എത്തുന്നത്. എല്ലാവരെയും പോലെ സിനിമാതാരങ്ങളും മനുഷ്യരാണെന്ന് ഒരാൾ ഷാരൂഖിനെ അനുകൂലിച്ച് എത്തിയപ്പോൾ ആരാധകരില്ലെങ്കിൽ താരങ്ങളില്ല എന്ന് പറഞ്ഞാണ് മറ്റൊരാൾ അഭിപ്രായം രേഖപ്പെടുത്തിയത്.


കഴിഞ്ഞ ആഴ്ച രാജ്‌കുമാർ ഹിറാനിയുടെ ‘ഡങ്കി’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി കാശ്മീരിലേക്ക് പോയിരുന്നു. ശ്രീനഗർ വിമാനത്താവളത്തിൽ വച്ച് ആരാധകരുടെ ഇടയിൽപ്പെട്ടുപോയ താരത്തിന്റെ വീഡിയോയും ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ പിന്നീട് ഷാരൂഖ് ഖാനെ ജനക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

ഡങ്കിയിൽ തപ്‌സി പന്നു ആണ് നായികയായി എത്തുന്നത്. ചിത്രം ഈ വർഷം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, അറ്റ്ലീ കുമാർ സംവിധാനം ചെയ്യുന്ന ഷാരൂഖിന്റെ പുതിയ ചിത്രമായ ‘ജവാൻ’ ജൂൺ 3ന് തീയറ്ററുകളിലെത്തും.