ഇത് എന്റെ അവസാനത്തെ സിനിമ, 'മഹാഭാരതി'ന് ശേഷം മറ്റൊന്നും ചെയ്യേണ്ടി വരില്ല: ആമിര്‍ ഖാന്‍

തന്റെ സ്വപ്‌ന പദ്ധതിയായ ‘മഹാഭാരത്’ സിനിമയെ കുറിച്ച് ആമിര്‍ ഖാന്‍ അടുത്തിടെ സംസാരിച്ചിരുന്നു. അതിന്റെ പണിപ്പുരയിലാണ് താന്‍ എന്നായിരുന്നു ആമിര്‍ ‘സിതാരേ സമീന്‍ പര്‍’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനിടെ പറഞ്ഞത്. ഇത് തന്റെ കരിയറിലെ അവസാനത്തെ സിനിമയാകും എന്ന സൂചന കൂടി നല്‍കിയിരിക്കുകയാണ് താരം. ഒരു പോഡ്കാസ്റ്റിലാണ് ആമിര്‍ സംസാരിച്ചത്.

”ആ സിനിമയ്ക്ക് ഒരുപാട് ലെയറുകളുണ്ട്, വികാരങ്ങളുണ്ട്, സ്‌കെയില്‍ ഉണ്ട്, ലോകത്ത് നിങ്ങള്‍ കാണുന്നതെല്ലാം മഹാഭാരത്തില്‍ നിങ്ങള്‍ കാണും. വര്‍ഷങ്ങളായി മനസില്‍ തങ്ങി നില്‍ക്കുന്ന കഥയാണ്. ബിഗ് സ്‌ക്രീനില്‍ ഒരുക്കണമെന്ന് എപ്പോഴും സ്വപ്‌നം കണ്ടിരുന്ന ഒന്ന്. ഒരുപക്ഷെ ഈ സിനിമ ചെയ്ത് കഴിഞ്ഞാല്‍ എനിക്ക് മറ്റൊന്നും ചെയ്യാനാകില്ല.”

”ഈ സിനിമയ്ക്ക് ശേഷം മറ്റൊരു സിനിമ ചെയ്യാനാകില്ല, കാരണം ഇതിന്റെ മെറ്റീരിയല്‍ അങ്ങനെയായിരിക്കും. ഇതിന് ശേഷം മറ്റൊന്നും ചെയ്യേണ്ട എന്നാണ് എനിക്ക് തോന്നുന്നത്” എന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്. അതേസമയം, ഒരു സിനിമയായി മഹാഭാരതം പറഞ്ഞു തീര്‍ക്കാനാവില്ലെന്നും പല സിനിമകള്‍ ആയിട്ടാകും ചെയ്യുകയെന്ന് ആമിര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

മഹാഭാരതം ഒരു സിനിമയില്‍ പറഞ്ഞു തീര്‍ക്കാന്‍ കഴിയുന്നതല്ല, അതിനാല്‍ തന്നെ അത് ഒന്നിലധികം സിനിമകളായി ചെയ്യേണ്ടി വരും. സിനിമ ആര് സംവിധാനം ചെയ്യുമെന്ന് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല, എങ്കിലും ഒന്നിലധികം സംവിധായകര്‍ ഉണ്ടായേക്കും. ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ മഹാഭാരതം ചെയ്തു തീര്‍ക്കണമെങ്കില്‍ ഒന്നിലധികം സംവിധായകര്‍ ആവശ്യമാണ്.

Read more

കാരണം ഒന്നിന് പുറകെ ഒന്നായി ചെയ്താല്‍ അതിന് ഏറെ വര്‍ഷങ്ങള്‍ എടുക്കും. ‘ലോര്‍ഡ് ഓഫ് ദ് റിങ്‌സ്’ എന്ന സിനിമയുടെ മൂന്ന് ഭാഗങ്ങള്‍ ഒരേസമയം ഷൂട്ട് ചെയ്തവയാണ്. ഇത് അതുപോലെയായിരിക്കും എന്നായിരുന്നു ആമിര്‍ സിനിമയെ കുറിച്ച് നേരത്തെ പറഞ്ഞത്. ആമിര്‍ ചിത്രം നിര്‍മ്മിക്കുന്നത് സ്വന്തം പ്രൊഡക്ഷനിലാണ്.