ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പായുളള വിരാട് കോഹ്‌ലിയുടെ വിരമിക്കല്‍ തീരുമാനം ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നത്. ടി20യില്‍ നിന്നും വിരമിച്ചതിന് പിന്നാലെയാണ് ടെസ്റ്റ് ക്രിക്കറ്റും മതിയാക്കുന്നതായി കോഹ്‌ലി അറിയിച്ചത്. രോഹിത് ശര്‍മ്മ വിരമിച്ച് ഒരാഴ്ചയ്ക്കുളളില്‍ തന്നെ കോഹ്‌ലിയും തന്റെ തീരുമാനം അറിയിക്കുകയായിരുന്നു. ഇംഗ്ലണ്ട് പരമ്പരയ്ക്ക് സൂപ്പര്‍താരം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും വിരമിക്കല്‍ തീരുമാനം ആരാധകരെ ഒന്നടങ്കം നിരാശരാക്കി.
അതേസമയം വിരാട് കോഹ്‌ലി വിരമിക്കാനുണ്ടായ കാരണം ഇതായിരിക്കുമെന്ന് പറയുകയാണ് മുന്‍ ഇംഗ്ലണ്ട് താരം മോണ്ടി പനേസര്‍. ആദ്യത്തെ കുറച്ച് ടെസ്റ്റുകളില്‍ ബാറ്റിങ്ങില്‍ പരാജയപ്പെട്ടാല്‍ മുഴുവന്‍ സീരീസിലും കളിപ്പിക്കില്ലെന്ന് കോഹ്ലിയോട് മുന്‍കൂട്ടി പറഞ്ഞിട്ടുണ്ടാവാം. ഇത് കോഹ്‌ലിയുടെ വിരമിക്കാനുളള തീരുമാനത്തെ സ്വാധീനിച്ചിരിക്കാമെന്ന് പനേസര്‍ പറഞ്ഞു. ‘വിരാട് തീര്‍ച്ചയായും കളിക്കുമെന്ന് ഞാന്‍ കരുതിയിരുന്നു. ഇംഗ്ലണ്ടും മറ്റെല്ലാവരും അത് പ്രതീക്ഷിച്ചു.
എന്നാല്‍ അദ്ദേഹം വിരമിച്ചത് എനിക്ക് അത്ഭുതമായി തോന്നുന്നു’, പനേസര്‍ പറയുന്നു. ‘കോഹ്‌ലിയെ നിരന്തരമായി പിന്തുടരുന്ന ഔട്ട്‌സൈഡ് ഓഫ് സ്റ്റമ്പ് ശാപവും അദ്ദേഹത്തെ ഈയൊരു തീരുമാനത്തിലേക്ക് നയിച്ചേക്കാം. വിരമിക്കലിന് മുന്‍പ് കോഹ്ലി ഇന്ത്യന്‍ ടീമുമായി ബന്ധപ്പെട്ട ചിലരുമായി എന്തായാലും ഒരു സംസാരം നടന്നിരിക്കും’.
Read more
‘ആ സമയത്ത് ആദ്യ രണ്ട് ടെസ്റ്റില്‍ നന്നായി കളിച്ചില്ലെങ്കില്‍ മുഴുവന്‍ ടെസ്റ്റും കളിപ്പിക്കില്ലെന്ന് അദ്ദേഹത്തോട് അവര്‍ പറഞ്ഞിട്ടുണ്ടാവും. അതിന് ശേഷമാവും വിരാട് ഇത്തരമൊരു തീരുമാനമെടുക്കാമെന്ന് ചിന്തിച്ചത്. മാത്രവുമല്ല താന്‍ കളി നിര്‍ത്തിയാല്‍ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുമെന്നും അദ്ദേഹത്തിന്റെ മനസില്‍ വന്നിട്ടുണ്ടാവും’, പനേസര്‍ പറഞ്ഞു.