സംവിധായകനും സഹസംവിധായകനും തമ്മില്‍ തല്ലി; ഷാരൂഖ്-ദീപിക ചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങി

രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് ഖാന്‍ അഭിനയിക്കുന്ന ചിത്രമാണ് പത്താന്‍. സിനിമയുടെ ലൊക്കേഷനില്‍ നിന്നും ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സംവിധായകനും സഹസംവിധായകനും ഇടയിലുള്ള അഭിപ്രായ വ്യത്യാസം അടിയില്‍ കലാശിച്ചതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്.

സിനിമയുടെ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദിനും അദ്ദേഹത്തിന്റെ സഹസംവിധായകനുമിടയില്‍ രൂപപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം സിനിമയുടെ ചിത്രീകരണം ഒരു ദിവസം നിര്‍ത്തിവെക്കേണ്ടി വന്നു എന്നാണ് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംവിധായകനും സഹസംവിധായകനും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.

ചിത്രീകരണ സമയത്ത് ആരും ഫോണ്‍ ഉപയോഗിക്കരുതെന്ന സംവിധായകന്റെ നിര്‍ദേശം ഈ സഹസംവിധായകന്‍ പാലിച്ചിരുന്നില്ല. ഏതാനും ദിവസങ്ങള്‍ സഹസംവിധായകന്റെ പ്രവര്‍ത്തികള്‍ നിരീക്ഷിച്ചതിനു ശേഷം അയാളെ വിളിച്ച് സിദ്ധാര്‍ഥ് തന്റെ അഭിപ്രായം അറിയിക്കുകയായിരുന്നു. ഇത് വലിയ വാക്കുതര്‍ക്കത്തിലേക്ക് എത്തുകയായിരുന്നു.

സെറ്റിലുണ്ടായിരുന്നവരെ അമ്പരപ്പിച്ചു കൊണ്ട് സംവിധായകനും അസിസ്റ്റന്റും തമ്മില്‍ പരസ്പരം അടിക്കുകയും ചെയ്തു. ഇതോടെ ആ ദിവസത്തെ ചിത്രീകരണം മുടങ്ങുകയായിരുന്നു. എന്നാല്‍ പിറ്റേന്ന് തന്നെ ഷൂട്ടിംഗ് പുനരാരംഭിച്ചെന്നും ചിത്രവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ദീപിക പദുക്കോണ്‍ ആണ് പത്താനില്‍ നായികയാകുന്നത്.