നയന്‍താരയുടെ ഹിറ്റ് ചിത്രം ബോളിവുഡിലേക്ക്; ഹിന്ദിയില്‍ 'കോകില' ആകാന്‍ ജാന്‍വി കപൂര്‍

നയന്‍താരയുടെ ഹിറ്റ് ചിത്രം “കോലമാവ് കോകില”യുടെ ബോളിവുഡ് റീമേക്ക് ഒരുങ്ങുന്നു. നയന്‍താര അവതരിപ്പിച്ച കോകില എന്ന കഥാപാത്രമായി നടി ജാന്‍വി കപൂര്‍ വേഷമിടും എന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബിലാണ് സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരിക്കുക. 45 ദിവസത്തെ ഷൂട്ടിംഗിനായി ജാന്‍വി പഞ്ചാബിലെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉത്തരേന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ മിഡില്‍ ക്ലാസ് കുടുംബത്തിലെ സാധാരണ പെണ്‍കുട്ടി ആയാണ് ജാന്‍വി എത്തുക. ചിത്രത്തിനായി ചില ആക്ഷന്‍ രംഗങ്ങള്‍ക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് താരം എന്നാണ് റിപ്പോര്‍ട്ടുകള്‍.

നെല്‍സണ്‍ ദിലിപ്കുമാര്‍ സംവിധാനം ചെയ്ത കോലമാവ് കോകില പെട്ടെന്ന് പണം സമ്പാദിക്കുന്നതിനായ ഡ്രഗ് റാക്കറ്റിന്റെ കണ്ണിയാകേണ്ടി വരുന്ന പെണ്‍കുട്ടിയുടെ കഥയാണ് പറഞ്ഞത്. ബോളിവുഡില്‍ സിദ്ധാര്‍ത്ഥ സെന്‍ ഗുപ്ത ആണ് ചിത്രം ഒരുക്കുന്നത്.

അതേസമയം, റൂഹി അഫ്‌സാന, ദോസ്താന 2 എന്നീ ചിത്രങ്ങളാണ് ജാന്‍വിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഗുഞ്ചന്‍ സക്‌സേന: ദ കാര്‍ഗില്‍ ഗേള്‍ ആയിരുന്നു താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത വനിത വ്യോമസേന പൈലറ്റ് ഗുഞ്ചന്‍ സക്‌സേനയുടെ ജീവിതമാണ് ചിത്രം പറഞ്ഞത്.