ദീപിക പദുക്കോണിന്റെ കാറിനെ പിന്തുടര്‍ന്ന് പാപ്പരാസികള്‍; നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണിയുമായി താരം

പാപ്പരാസികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദീപിക പദുക്കോണ്‍ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. താരം സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടര്‍ന്ന് ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിച്ച പാപ്പരാസികളുമായാണ് വാക്കു തര്‍ക്കം ഉണ്ടായിരിക്കുന്നത്. പുതിയ ചിത്രങ്ങളുടെ ചര്‍ച്ചകള്‍ക്ക് പിന്നാലെ ഖാറിലെ ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ഓഫീസില്‍ നിന്നും മടങ്ങി പോവുകയായിരുന്നു താരം.

സംവിധായകന്‍ ശകുന്‍ ബാത്ര ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ദീപികയും നടി അനന്യ പാണ്ഡെയും നടന്‍ സിദ്ധാന്ത് ചതുര്‍വേദിയും ഒന്നിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ ചര്‍ച്ചകള്‍ കഴിഞ്ഞ് പുറത്തു വന്ന ഇവരുടെ ചിത്രങ്ങള്‍ പാപ്പരാസികള്‍ പകര്‍ത്തിയിരുന്നു. എന്നാല്‍ ഇവരില്‍ ചിലര്‍ ദീപികയുടെ കാര്‍ പിന്തുടരുകയായിരുന്നു.

ദീപികയുടെ ബോഡിഗാര്‍ഡ് കാറില്‍ നിന്നിറങ്ങി പാപ്പരാസികളോട് സംസാരിക്കുകയും വാക്കുതര്‍ക്കം ഉണ്ടാവുകയുമായിരുന്നു. ഇതോടെ ദീപിക കാറില്‍ നിന്നറങ്ങി പാപ്പരാസികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് റിപ്പോര്‍ട്ടുകള്‍.

ഛപക് ആണ് ദീപികയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഭര്‍ത്താവ് രണ്‍വീര്‍ സിംഗ് നായകനാകുന്ന 83 ആണ് റിലീസിനൊരുങ്ങുന്ന ചിത്രം. പ്രഭാസ് നായകനാകുന്ന നാഗ് അശ്വിന്‍ ചിത്രമാണ് ദീപികയുടെതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം.