ആര്യന്‍ ഖാന്‍ ജയിലില്‍; ഷാരൂഖ് അഭിനയിച്ച പരസ്യങ്ങളുടെ സംപ്രേഷണം നിര്‍ത്തി ബൈജൂസ്

ലഹരിമരുന്ന് കേസില്‍ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതോടെ ഷാരൂഖ് ഖാന്‍ അഭിനയിച്ച പരസ്യങ്ങളുടെ സംപ്രേക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവച്ച് ബൈജൂസ് ലേണിംഗ് ആപ്പ്. ട്വിറ്റര്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് പരസ്യങ്ങള്‍ പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദ എക്കോണമിക് ടൈംസ് ആണ് ബൈജൂസ് പരസ്യങ്ങള്‍ പിന്‍വലിച്ച വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വിഷയത്തില്‍ ബൈജൂസിന്റെ വക്താവിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതികരിക്കാന്‍ വിസമ്മതിച്ചതായും ദ എക്കോണമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. ബൈജൂസ് ആപ്പിന്റെ കേരളത്തിനു പുറത്തുള്ള ബ്രാന്‍ഡ് അംബാസിഡറാണ് ഷാരൂഖ് ഖാന്‍.

2017 മുതലാണ് ഷാരൂഖ് ഖാന്‍ ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനം ഏറ്റെടുത്തത്. ഷാരൂഖിന്റെ വന്‍ സ്‌പോണ്‍സര്‍ഷിപ്പ് ഡീലുകളില്‍ ഒന്നാണ് ബൈജൂസ് ആപ്പുമായുള്ളത്. ഷാരൂഖ് ഖാന്റെ ബ്രാന്‍ഡ് നിലനിര്‍ത്താന്‍ വര്‍ഷം മൂന്നു മുതല്‍ നാലു കോടി രൂപ വരെയാണ് ആപ്പ് നല്‍കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബൈജൂസിന് പുറമേ മുന്‍നിര ബ്രാന്‍ഡുകളായ ഹ്യൂണ്ടായി, എല്‍ജി, ദുബൈ ടൂറിസം, ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ജിയോ എന്നിവയുടെയും മുഖമാണ് ഷാരൂഖ്. ഒക്ടോബര്‍ 3ന് ആണ് കോര്‍ഡീലിയ ക്രൂയിസ് എന്ന ആഡംബര കപ്പലില്‍ നടന്ന റെയ്ഡില്‍ ആര്യനടക്കം എട്ടു പേരെ നാര്‍ക്കോട്ടിക് ബ്യൂറോ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം മുംബൈ മജിസ്‌ട്രേറ്റ് കോടതി ആര്യന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ആര്യന്‍ ഖാനെയും ഒരു കൂട്ടുപ്രതിയെയും മുംബൈ ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റി. എന്‍സിബി കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ആര്യനെ കോടതിയില്‍ ഹാജരാക്കിയത്. ആര്യന്റെ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.